മാവേലിക്കര: എൻ.ഡി.എ ഘടകകക്ഷികളുടെ കൊടിതോരണങ്ങളിൽ മുങ്ങിനിൽക്കുകയാണ് വള്ളികുന്നം പഞ്ചായത്തിലെ കാഞ്ഞിരത്തിൽ മൂട് ജങ്ഷൻ. മാവേലിക്കര മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ബൈജു കലാശാലയുടെ മാവേലിക്കര നിയമസഭ മണ്ഡലത്തിലെ ശനിയാഴ്ചത്തെ പര്യടനം ഇവിടെനിന്നാണ് തുടങ്ങിയത്. ആവേശത്തോടെ കാത്തുനിന്ന പ്രവർത്തകർ സ്വീകരണത്തിന് ആവശ്യമായ എല്ലാസന്നാഹവും ഒരുക്കിയിരുന്നു. രാവിലെ ഒമ്പതിന് സ്വീകരണ പരിപാടിക്ക് തുടക്കമായി. ബി.ജെ.പി ജില്ല ട്രഷറർ കെ.ജി. കർത്ത ഉദ്ഘാടനം ചെയ്തു. മനു കൊണ്ടോടിമുകൾ അധ്യക്ഷത വഹിച്ചു.
പ്രചാരണഗാനം മുഴങ്ങിയതോടെ സ്വീകരണത്തിനെത്തിയ കുട്ടികൾ മുതൽ വയോധികർ വരെയുള്ളവർക്ക് ആവേശമായി. തുറന്ന ജീപ്പിലാണ് സ്ഥാനാർഥിയുടെ വോട്ടുതേടൽ. അകമ്പടി സേവിച്ച് നിരവധി ബൈക്കുകളും കാറുകളുമുണ്ട്. ചെറുവാക്കുകളിലാണ് പലയിടത്തും പ്രസംഗം. നരേന്ദ്രമോദിയുടെ ഗാരന്റി മണ്ഡലത്തിലും നടപ്പാക്കാൻ വോട്ടുനൽകണമെന്നാണ് പ്രധാനമായും ചോദിക്കുന്നത്. നന്ദി രേഖപ്പെടുത്തിയാണ് ഓരോ സ്വീകരണ സ്ഥലത്തുനിന്ന് അടുത്ത സ്ഥലത്തേക്ക് പോകുന്നത്.
വള്ളികുന്നം, ചുനക്കര, തെക്കേക്കര പഞ്ചായത്തുകളിലും മാവേലിക്കര നഗരസഭയിലുമായിരുന്നു സ്വീകരണം. ബി.ജെ.പിയുടെയും ബി.ഡി.ജെ.എസിന്റെയും നേതാക്കളും സ്ഥാനാർഥിക്കൊപ്പമുണ്ട്. മോദിയുടെ ഗാരന്റി എണ്ണിപ്പറഞ്ഞും കേരള സർക്കാറിനെയും കോൺഗ്രസിനെയും കടുത്ത ഭാഷയിൽ വിമർശിച്ചുമാണ് നേതാക്കളുടെ സംസാരം. ഇതിനൊപ്പം ബി.ജെ.പി സർക്കാർ 10 വർഷം നടത്തിയ വികസനപ്രവർത്തനങ്ങളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ഉയർത്തിക്കാട്ടുന്നുണ്ട്. ഓരോ സ്വീകരണ യോഗത്തിലും ഓരോ സ്ഥലത്തെയും വികസന പ്രവർത്തനങ്ങളുടെ പ്രശ്നങ്ങൾ ജനങ്ങളിൽനിന്ന് മനസ്സിലാക്കിയും പരിഹാരം എന്താണെന്ന് ഉറപ്പുനൽകിയുമാണ് കടന്നുപോകുന്നത്.
മുൻകൂട്ടിനിശ്ചയിക്കാത്ത ചുനക്കര മാർക്കറ്റ് ജങ്ഷനിൽ പര്യടനവാഹനം നിർത്തി ഓട്ടോ തൊഴിലാളികൾ സ്ഥാനാർഥിയെ മാലയണിയിച്ച് സ്വീകരണം നൽകിയത് വേറിട്ടതായി. സ്വീകരണം കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കി അടുത്തസ്ഥലത്തേക്ക് പോയി.
ഉച്ചഭക്ഷണത്തിനു മുമ്പ് ചുനക്കര കോട്ടമുക്കിലെ വേദിയിൽ ബി.ജെ.പി ജില്ല സെക്രട്ടറി കെ. സഞ്ചു സംസാരിച്ചുകൊണ്ട് നിൽക്കെയാണ് സ്ഥാനാർഥി എത്തിയത്. സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെ സാന്നിധ്യമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത ഭാരതത്തിനൊപ്പം പ്രവർത്തിക്കാനാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും നിങ്ങളുടെ പ്രശ്നങ്ങൾ എന്തിനും ഏതിനും അരികിലുണ്ടാകുമെന്നും സ്ഥാനാർഥി പറയുന്നു. മാവേലിക്കര നഗരസഭയിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തട്ടാരമ്പലത്ത് സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.