മാവേലിക്കര: സിവിൽ സർവിസ് പരീക്ഷയിൽ മാവേലിക്കരയുടെ അഭിമാനമായി എസ്. മാലിനി (29) ദേശീയതലത്തിൽ 135ാം റാങ്ക് നേടി. സാഹിത്യ അക്കാദമി സെക്രട്ടറിയും സാഹിത്യകാരനുമായിരുന്ന പരേതനായ പ്രഫ.എരുമേലി പരമേശ്വരൻപിള്ളയുടെ കൊച്ചുമകളും മാവേലിക്കര ചെട്ടികുളങ്ങര കൈതവടക്ക് പ്രതിഭയിൽ അഡ്വ.പി. കൃഷ്ണകുമാറിെൻറയും റിട്ട. അധ്യാപിക എസ്.ശ്രീലതയുടെയും മകളുമാണ്.
മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം, കായംകുളം എസ്.എൻ സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂനിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും ലിഗ്വിസ്റ്റിക്കിൽ ബിരുദാനന്തര ബിരുദവും നേടി. ഡൽഹിയിൽ സ്വകാര്യസ്ഥാപനത്തിൽ അധ്യാപികയായി പ്രവർത്തിക്കവേയാണ് സിവിൽ സർവിസ് മോഹമുദിച്ചത്. എന്നാൽ, ആദ്യ രണ്ടുതവണ അഭിമുഖ തലത്തിലേക്ക് എത്താൻ കഴിഞ്ഞില്ല.
2020ൽ ഹൈകോടതിയിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് ആയി ജോലി ലഭിച്ചു. ജോലിയിൽ പ്രവേശിച്ചശേഷം അവധിയെടുത്ത് പഠനം തുടർന്നാണ് നേട്ടം കൈവരിച്ചത്. പുതുച്ചേരി കേന്ദ്ര സർവകലാശാല ചരിത്ര ഗവേഷക വിദ്യാർഥിനി നന്ദിനിയാണ് സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.