മാവേലിക്കര: നഗരസഭയിലെ ഭൂരഹിതർ പ്രിയപ്പെട്ടവരുടെ ശവസംസ്കാരത്തിന് നെട്ടോട്ടമോടുമ്പോൾ കണ്ടിയൂർ കാളച്ചന്തയിൽ ലക്ഷങ്ങൾമുടക്കി നിർമിച്ച വാതകശ്മശാനം ഉപയോഗശൂന്യമായി തുരുമ്പെടുത്തു നശിക്കുന്നു.
ശ്മശാനം പ്രവർത്തിക്കാത്തതിനാൽ ചുറ്റും കാടുകയറി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറി. ശ്മശാനമില്ലാത്തത് നഗരസഭാതിർത്തിയിലെ ഭൂരഹിതരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. മാവേലിക്കര നഗരസഭ പ്രദേശത്ത് മറ്റൊരു പൊതുശ്മശാനമില്ലാത്തതിനാൽ മറ്റുള്ളവരും വലിയ ദുരിതമാണ് നേരിടുന്നത്. വാതക ശ്മശാനത്തിനടുത്തുള്ള പരമ്പരാഗത ശ്മശാനത്തിൽ കണ്ടിയൂർ സ്വദേശികളുടെ മൃതദേഹം സംസ്കരിക്കാൻ മാത്രമാണ് അനുവാദമുള്ളത്. നഗരസഭ പരിധിയിലെ മറ്റുപ്രദേശങ്ങളിലുള്ള ഭൂരഹിതർ ബന്ധുക്കളുടെ ശവസംസ്കാരത്തിനായി മറ്റിടങ്ങളെയാണ് ആശ്രയിക്കുന്നത്.
2005-ൽ അന്നത്തെ എം.എൽ.എ എം.മുരളിയുടെ പ്രാദേശിക വികസനഫണ്ടും നഗരസഭയുടെ പദ്ധതിവിഹിതവും ചേർത്ത് 14 ലക്ഷംരൂപ ഉപയോഗിച്ചാണ് കണ്ടിയൂർ കാളച്ചന്തയിൽ വാതക ശ്മശാനത്തിന്റെ നിർമാണം തുടങ്ങിയത്. 2008-ൽ നിർമാണം പൂർത്തീകരിച്ച് ശ്മശാനം തുറന്നു. ആദ്യഘട്ടത്തിൽ വിരലിലെണ്ണാവുന്ന മൃതദേഹങ്ങൾ മാത്രമാണ് ഇവിടെ സംസ്കരിച്ചത്. വൈദ്യുതി മുടങ്ങുന്നത് ശ്മശാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സമായതോടെ പിന്നീട് ശ്മശാനം അടച്ചിട്ടു. നഗരസഭ ജനറേറ്റർ സ്ഥാപിച്ചശേഷം വീണ്ടും തുറന്നെങ്കിലും ഏറെനാൾ പ്രവർത്തനം മുന്നോട്ടുപോയില്ല.
പുകക്കുഴൽ ശരിയായി പ്രവർത്തിക്കാത്തതുകാരണം ചൂള സ്ഥാപിച്ചിരിക്കുന്ന മുറിക്കുള്ളിൽ പുക നിറയുന്നുവെന്നായിരുന്നു അടുത്തപ്രശ്നം. ഇത് പരിഹരിക്കുന്നത് കഴിഞ്ഞ നഗരസഭ ഭരണസമിതി ഏഴുലക്ഷംരൂപ വകയിരുത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല.
ശ്മശാനം പ്രവർത്തിക്കുന്നില്ലെങ്കിലും ആയിരക്കണക്കിന് രൂപയാണ് വൈദ്യുത ചാർജിനത്തിൽ നഗരസഭ അടക്കേണ്ടി വരുന്നത്. കണ്ടിയൂർ വാതക ശ്മശാനത്തിന്റെ നവീകരണത്തിനായി നഗരസഭ എല്ലാവർഷവും ബജറ്റിൽ തുക നീക്കിവെക്കാറുണ്ടെങ്കിലും തുടർനടപടികൾ മാത്രംഉണ്ടാകാറില്ലെന്ന ശക്തമായ ആക്ഷേപവും ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.