തീരമേഖലയിലെ അസാധാരണ വേലിയേറ്റംമൂലം ഉണ്ടായ വെള്ളക്കെട്ട്
തുറവൂർ: അരൂർ മണ്ഡലത്തിൽ കായലോരത്തെ 10 പഞ്ചായത്തുകളിലെ ജനങ്ങളെ ദുരിതത്തിലാക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ പദ്ധതി നിർദേശങ്ങളുണ്ടാകുന്നില്ല. മുൻകാലങ്ങളിൽ ചില മാസങ്ങളിൽ മാത്രമാണ് വേലിയേറ്റത്തിൽ വീടുകളുടെ ചുറ്റുവട്ടത്ത് വെള്ളം കയറിയിരുന്നത്. ഇപ്പോൾ ഏത് സമയത്തും വേലിയേറ്റമുണ്ടാകാം എന്ന നിലയാണ്.
വീടിനകത്തുപോലും വെള്ളം കയറുന്നു. ഇതിന് ശാശ്വത പരിഹാര നിർദേശം ഉണ്ടാകാത്തത് തീരവാസികളെ ആശങ്കയിലാഴ്ത്തുന്നു. വേലിയേറ്റത്തിൽ അരൂരിലെ കായലോര മേഖലയിൽ ഇടക്കിടെ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുന്നു.
പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം, അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി, ചേർത്തല തെക്ക്, വയലാർ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം ഇതിന്റെ ദുരിതം ഉണ്ടാകുന്നു. രണ്ടാം പിണറായി സർക്കാർ വരുന്നതിനു മുമ്പുള്ള തെരഞ്ഞെടുപ്പ് നാളുകളിൽ രൂക്ഷമായ വെള്ളക്കെട്ടിൽ അരൂർ മണ്ഡലം മുങ്ങിയിരുന്നു. തെരഞ്ഞെടുപ്പിൽ മുഖ്യവിഷയമായി പ്രശ്നം ഉയർത്തിയ എൽ.ഡി.എഫ് 100 കോടി രൂപ വെള്ളക്കെട്ട് പരിഹരിക്കാൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കായലോരങ്ങളിൽ കൽക്കെട്ട്, ചളിയും മണലും എക്കലും കായലുകളിൽനിന്ന് നീക്കംചെയ്യാൻ തുടങ്ങി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എല്ലാം കടലാസിൽ ഒതുങ്ങി. വേലിയേറ്റവും വെള്ളക്കെട്ടും ദുരിതം വിതച്ച് ആവർത്തിക്കുകയാണ്. കഴിഞ്ഞദിവസം നിയമസഭയിൽ ദലീമ ജോജോ എം.എൽ.എ വെള്ളക്കെട്ട് വിഷയം അവതരിപ്പിച്ചു.
തണ്ണീർമുക്കം ബണ്ട് അടക്കുന്നതും അന്ധകാരനഴി സ്പില്വേ അടക്കുന്നതും കായലുകളിൽ അടിഞ്ഞുകൂടിയ എക്കലും ചളിയും നീക്കംചെയ്യാത്തതുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് മന്ത്രി പറഞ്ഞു. ഏഴുകോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് പറഞ്ഞതല്ലാതെ അടിയന്തര പരിഹാരം ഒന്നും പ്രഖ്യാപിച്ചില്ല.
മണ്ഡലത്തെ ആകെ ബാധിക്കുന്ന വിഷയത്തിൽ സർക്കാറിന്റെ അടിയന്തര ഇടപെടൽ ഇല്ലാത്തതാണ് തീരവാസികളിൽ ആശങ്കയുളവാക്കുന്നത്. വേമ്പനാട്ടുകായലും കൈവഴികളും തോടുകളും കനാലുകളുമെല്ലാം കരകവിഞ്ഞതോടെ 2000ത്തോളം വീടുകളാണ് ദുരിതത്തിലായത്. ദിവസങ്ങൾക്കു മുമ്പാണ് ഇതുണ്ടായത്.
മത്സ്യപ്പാടങ്ങളടക്കം കരകവിഞ്ഞതോടെ സ്വയംതൊഴിൽ കണ്ടെത്തുന്ന സംരംഭകരുടെ മത്സ്യങ്ങൾ ഒഴുകിപ്പോയി കോടികളുടെ നഷ്ടമുണ്ടായി. വീടുകൾക്കുള്ളിൽ പോലും വെള്ളംകയറി. ശൗചാലയങ്ങളടക്കം വെള്ളത്തിലായതോടെ ജനങ്ങൾ വലഞ്ഞു. ചേർത്തല നഗരസഭയിലും തുറവൂരിന്റെ പടിഞ്ഞാറൻ മേഖലയിലും തണ്ണീർമുക്കത്തുമടക്കം ദുരിതാശ്വാസ ക്യാമ്പ് തുറക്കണമെന്ന ആവശ്യംപോലും ഉയർന്നു.
ഈ അവസ്ഥ ഇനിയും ആവർത്തിക്കുമെന്ന ആശങ്കയിലാണ് തീരവാസികൾ. കൽക്കെട്ടുകളും പുറംബണ്ടുകളും ഇടിഞ്ഞു താഴുകയോ പൂർണമായി തകരുകയോ ചെയ്തിട്ടുണ്ട്. നെൽകൃഷി ഇല്ലാത്തതിനാൽ കാർഷികാവശ്യങ്ങൾക്കുള്ള നിർമാണ പ്രവൃത്തികൾ നിലച്ചതാണ് വെള്ളപ്പൊക്ക ഭീഷണിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ത്രിതല പഞ്ചായത്തുകൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. മുമ്പ് തീരത്തെ വീടുകൾക്ക് മുറ്റം ഉയർത്താൻ മണ്ണിറക്കാൻ പഞ്ചായത്തുകൾ ഫണ്ട് നീക്കിവെക്കുമായിരുന്നു. നിലവിൽ ത്രിതല പഞ്ചായത്തുകൾക്ക് ഇത്തരം പദ്ധതികളൊന്നുമില്ല. സർക്കാർ പദ്ധതികൾ തന്നെയാണ് ആശ്രയം. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ പഠനം നടത്തി പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെയും തീരവാസികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.