ആലപ്പുഴ: എണ്ണക്കമ്പനികൾ ഇളവ് പിൻവലിച്ചതോടെ സംജാതമായ വലിയ തോതിലെ ഇന്ധന വിലവർധന നേരിടാൻ കെ.എസ്.ആർ.ടി.സി അധികൃതർ രംഗത്ത്. ഡിപ്പോകളോടനുബന്ധിച്ച് അടുത്ത നാളിൽ കെ.എസ്.ആർ.ടി.സി നിയന്ത്രണത്തിൽ തുറന്ന യാത്ര ഫ്യുവൽസിൽനിന്ന് ജില്ലയിലെ മുഴുവൻ ഡിപ്പോയിലും ഡീസൽ എത്തിച്ച് വിലവർധന നേരിടാനാണ് തീരുമാനം.
പൊതുജനങ്ങൾക്കുകൂടി ഇന്ധനം നിറക്കാവുന്ന തരത്തിൽ കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിൽ എണ്ണക്കമ്പനികളുമായി കരാറുണ്ടാക്കി തുറന്ന പമ്പുകളാണ് യാത്ര ഫ്യുവൽസ്. ചേർത്തലയിലെ പമ്പിൽനിന്ന് ജില്ലയിലെ ആലപ്പുഴയടക്കം വിവിധ ഡിപ്പോകളിലേക്ക് ഓയിൽ ടാങ്കറുകളിൽ ഡീസൽ ശേഖരിച്ച് ഡിപ്പോകൾ തോറുമുള്ള സ്വന്തം പമ്പുകളിൽ നിറച്ച് ആവശ്യാനുസരണം ബസുകൾക്ക് നൽകുന്നതാണ് രീതി. പമ്പുകളില്ലാത്ത ഡിപ്പോകളിൽ ഇപ്പോൾ തുടരുന്ന രീതിയിൽ സൗകര്യപ്രദമായിടത്തുനിന്ന് ബസുകൾ ഡീസൽ നിറക്കും.
ഇത് ഫലപ്രദമായി നടപ്പാക്കുന്നതിനാണ് ശ്രമമെന്നും പരീക്ഷണാടിസ്ഥാനത്തിൽ ഇത് തുടങ്ങിയെന്നും ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫിസർ (ഡി.ടി.ഒ) വി. അശോക് കുമാർ പറഞ്ഞു. യാത്ര ഫ്യുവൽസിൽ മറ്റ് സ്വകാര്യപമ്പുകൾക്ക് ലഭിക്കുന്ന വിലയിലാണ് ഇന്ധനം എണ്ണക്കമ്പനികളിൽനിന്ന് കിട്ടുന്നത്.
പുറമെ ടാങ്കർ ലോറികൾ ഓടുന്നതിന്റെ ചെലവ് മാത്രമാണ് അധികമായി വരുക. ജില്ലയിൽ നിലവിൽ 20 ടാങ്കറുകൾ കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായുണ്ട്.
ഇന്ധനവില വർധന വഴി ജില്ലയിൽ മാത്രം പ്രതിദിനം രണ്ട് ലക്ഷത്തോളം രൂപയുടെ അധിക ബാധ്യത വരുമായിരുന്നു. ശരാശരി 20,000 ലിറ്റർ ഡീസലാണ് വേണ്ടിവരുന്നത്. ലിറ്റർ ഒന്നിന് 89.04 ൽ നിന്ന് 98.15 രൂപയായാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ബൾക്ക് പർച്ചേസ് കണക്കിലെടുത്ത് നൽകിയിരുന്ന ഇളവ് പിൻവലിച്ചത് കൂടാതെ അധിക നിരക്കും ചുമത്തിയതോടെയാണ് വില ഇത്രയും കൂടിയത്.
കൂടുതൽ ഇന്ധനം വാങ്ങുന്ന സ്ഥാപനങ്ങൾക്കുള്ള വില എണ്ണക്കമ്പനികൾ കുത്തനെ വർധിപ്പിച്ചത് കെ.എസ്.ആർ.ടി.സിക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്കക്കിടെയാണ് ഇത് മറികടക്കാൻ ഡിപ്പോ തലത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന ആലോചന മുറുകിയത്. അതാതിടത്തെ സ്വകാര്യപമ്പുകളാണ് ആദ്യം പരിഗണിച്ചത്. ഇത് കാലതാമസത്തിനും കൂടാതെ ഇടപാടിൽ പ്രശ്നങ്ങൾക്കും ഇടയാക്കിയേക്കാമെന്ന സംശയം ഉയർന്നു. തുടർന്നാണ് പുതിയ സംവിധാനം തെരഞ്ഞെടുത്തത്.
നിലവിൽ സ്വകാര്യപമ്പുകൾക്ക് ഒരു ലിറ്ററിന് 91.42 രൂപക്കാണ് ഡീസൽ ലഭിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ യാത്ര ഫ്യുവൽസിലും ഇതേ വിലയിൽ കമ്പനികൾ നൽകും. നിലവിൽ ജില്ലയിൽ ചേർത്തലയിൽ മാത്രമാണ് യാത്ര ഫ്യുവൽസ് ഉള്ളതെന്നതാണ് പരിമിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.