അമ്പലപ്പുഴ: ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ വിടപറഞ്ഞിട്ട് വെള്ളിയാഴ്ച ഒരുവർഷം പൂർത്തിയാകുന്നു. എങ്ങുമെത്താതെ കേസന്വേഷണം. വനം വകുപ്പ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ അധികൃതർ. പാപ്പാന്മാരുടെ ക്രൂര മർദനത്തിനിരയായാണ് കഴിഞ്ഞവർഷം ഏപ്രിൽ എട്ടിന് വിജയകൃഷ്ണൻ ചെരിഞ്ഞത്. ജനുവരി 15 മുതൽ ആന പാപ്പാന്മാരുടെ ക്രൂരമർദനം നേരിട്ടിരുന്നു. എഴുന്നേറ്റു നിൽക്കാൻ കഴിയാതെ രോഗാവസ്ഥയിലായിട്ടും കൊല്ലം ജില്ലയിലുൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടുപോയിരുന്നു. തുടർന്നാണ് അവശനായ ആന ചെരിഞ്ഞത്.
ജസ്റ്റിസ് ഫോർ ടസ്കർ വിജയകൃഷ്ണൻ ആക്ഷൻ കൗൺസിൽ ഭാരവാഹികളാണ് കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. ഇവർ നൽകിയ പരാതിയെത്തുടർന്ന് വനംവകുപ്പും അന്വേഷണം നടത്തി. വനം വകുപ്പിന്റെ ഉന്നതതല ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ പാപ്പാൻ പ്രദീപ്, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മനോജ് കുമാർ, വെറ്ററിനറി ഡോക്ടർ ശശീന്ദ്രദേവ്, ദേവസ്വം ഡെപ്യൂട്ടി കമീഷണർ എന്നിവർ ഒന്നുമുതൽ നാലുവരെ പ്രതികളാണെന്ന് കണ്ടെത്തി ഹൈകോടതിയിൽ റിപ്പോർട്ടും നൽകി.
പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും ചെയ്തു. മാസങ്ങൾക്കുമുമ്പ് റിപ്പോർട്ട് നൽകിയെങ്കിലും ഇതുവരെ പ്രതികൾക്കെതിരെ നടപടിയുണ്ടായിട്ടില്ല.ഒന്നാം പാപ്പാൻ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കാൻപോലും അമ്പലപ്പുഴ പൊലീസ് തയാറായിട്ടില്ലെന്ന് പരാതിയുണ്ട്. പാപ്പാന്മാരെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത് മാത്രമാണ് ഏക നടപടി.
വിജയകൃഷ്ണന്റെ മരണത്തിന് ഉത്തരവാദികളായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഇപ്പോഴും സംരക്ഷണ വലയത്തിലാണ്. ദേവസ്വം, വനം വകുപ്പും പൊലീസും ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല.
ഇതിനെതിരെ വീണ്ടും ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ. വിജയകൃഷ്ണന്റെ ഒന്നാം ചരമ വാർഷികദിനമായ വെള്ളിയാഴ്ച ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ വൈകീട്ട് അനുസ്മരണവും ശ്രദ്ധാഞ്ജലിയും സംഘടിപ്പിക്കും. അമ്പലപ്പുഴ പടിഞ്ഞാറേ നടയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ആർ. കൃഷ്ണരാജ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.