കുട്ടനാട്ടിൽ പള്ളാതുരുത്തി ദേവസ്വംകരിയിൽ യന്ത്രം ഉപയോഗിച്ച് നടക്കുന്ന കൊയ്ത്ത്
ആലപ്പുഴ: വേനൽ മഴ ശക്തമാകുന്നത് പുഞ്ചകൃഷിയുടെ വിളവെടുപ്പിന് ഭീഷണിയാകുന്നു. നെല്ല് മില്ലുകാരുമായുള്ള കിഴിവ് തർക്കം നിമിത്തം കൊയ്ത്തും സംഭരണവും നീണ്ടുപോയിരുന്നു. മഴയെത്തിയതോടെ അഞ്ച് മുതൽ എട്ട് കിലോവരെ കഴിവ് നൽകാൻ കർഷകർ നിർബന്ധിതരായി. ഇതനുസരിച്ച് സംഭരണം തുടങ്ങിയെങ്കിലും മഴ കനത്തത് കൊയ്ത്തിനും കൊയ്ത നെല്ല് സംഭരിക്കാനും ഭീഷണിയാകുകയാണ്. മിക്ക പാടങ്ങളിലും പെയ്ത്ത്വെള്ളം കെട്ടികിടക്കുകയാണ്. വെള്ളമൊഴിയാതെ കൊയ്ത്ത് യന്ത്രം ഇറക്കാൻ കഴിയാത്ത സ്ഥിതിമിക്കയിടത്തുമുണ്ട്. അതിനു പിന്നാലെ തണ്ണീർ മുക്കം ബണ്ട് തുറക്കാൻ തുടങ്ങിയതും പാടത്ത്നിന്ന് വെള്ളം ഒഴുകിപ്പോകാൻ തടസ്സമാകുന്നു.
വിളവെടുക്കാനുള്ള എടത്വ, ചമ്പക്കുളം, രാമങ്കരി, അമ്പലപ്പുഴ, തകഴി കൃഷിഭവനുകളുടെ പരിധിയിലുള്ള പാടശേഖരങ്ങളിലെ കൊയ്ത്തിന് പ്രായമായ നെൽച്ചെടികൾ കഴിഞ്ഞ ദിവസം ഉണ്ടായ അപ്രതീക്ഷിത മഴയിൽ നിലംപൊത്തി. മഴയുടെ ക്രമം തെറ്റിയതിനാൽ പലഘട്ടങ്ങളിലായാണ് ഇത്തവണ പുഞ്ചകൃഷിയിറക്കിയത്. ഇതിനനുസരിച്ച് ഘട്ടംഘട്ടമായി വിളവെടുത്താൽ മതിയെന്ന കണക്കുകൂട്ടലിലായിരുന്നു അധികൃതർ. വേനൽ മഴ ഭീഷണിയായതോടെ കൂടുതൽ പാടശേഖരങ്ങളിൽ കൊയ്ത്തിനായി പകർഷകർ പരക്കംപായുകയാണ്. എല്ലാവരും ഒരുമിച്ച് കൊയ്ത്തിന് തുനിഞ്ഞത് യന്ത്രക്ഷാമത്തിന് ഇടയാക്കുന്നു. പാടങ്ങളിൽ വെള്ളക്കെട്ടുള്ളതിനാൽ കൊയ്ത്തിന് ഏറെസമയം ആവശ്യമായി വരുന്നു. യന്ത്രമുപയോഗിച്ച് ഒന്നര മണിക്കൂർ കൊണ്ട് ഒരേക്കർ കൊയ്തിരുന്നിടത്ത് ഇപ്പോൾ മൂന്ന് മണിക്കൂറോളം ആവശ്യമായിവരുന്നു. മണിക്കൂറിന് 2000 രൂപയാണ് യന്ത്ര വാടക. 3000 രൂപക്ക് വിളവെടുപ്പ് പൂർത്തിയാക്കേണ്ട സ്ഥാനത്ത് 6000 രൂപ വരെ കർഷകർക്ക് ചെലവാകുന്നു.
അവസരം മുതലെടുത്ത് സംഭരണത്തിൽ മില്ലുകാർ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നുണ്ട്. മഴകനത്താൽ ഈർപ്പത്തിന്റെ പേരിൽ കിഴിവിന്റെ അളവ് കൂട്ടാനാണ് മില്ലുകാരുടെ ശ്രമം. കുട്ടനാട്ടിൽ 28,000 ഹെക്ടറിലാണ് ഇത്തവണ പുഞ്ചക്കൃഷിയിറക്കിയത്. ഇതിൽ 25 ശതമാനത്തിന്റെ വിളവെടുപ്പ് ഇനി പൂർത്തിയാകാനുണ്ട്.
സംഭരിച്ച നെല്ലിന്റെ തുക വിതരണം വൈകുന്നു
സംഭരിച്ച നെല്ലിന്റെ പണം വിതരണം ചെയ്യാൻ വൈകുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. മാർച്ച് 15ന് ശേഷം സംഭരിച്ച നെല്ലിന്റെ പി.ആർ.എസ് തുക നൽകിയിട്ടില്ല. വിളവെടുപ്പ് ആരംഭിച്ച് ആദ്യറൗണ്ടിൽ സംഭരിച്ച നെല്ലിന്റെ വിലയാണ് മാർച്ച് 15വരെ വിതരണം ചെയ്തത്.
കൊയ്ത്തിന്റെ തുടക്കമായതിനാൽ മാർച്ച് 15വരെ 47,645 ക്വിന്റൽ നെല്ലായിരുന്നു സംഭരിച്ചത്. കിഴിവിനെ ചൊല്ലിയുള്ള തർക്കം ഒത്തു തീർന്നതോടെ കൊയ്ത്ത് സജീവമായിരുന്നു. ഇതോടെയാണ് കർഷകർക്ക് പി.ആർ.എസ് നൽകുന്നതിലും പാഡി പേയ്മെന്റ് ഓഫിസിൽ നിന്ന് പി.ആർ.എസ് അംഗീകരിച്ച് പണം നൽകുന്നതിലുമുള്ള നടപടികൾ മന്ദഗതിയിലായത്. മാർച്ച് 15ന് ശേഷം സംഭരിച്ച നെല്ലിന്റെ വില നൽകാനുള്ള പണം സർക്കാർ അനുവദിച്ചിട്ടില്ല.
സംഭരിക്കുന്ന നെല്ലിന്റെ പണം കാലതാമസം കൂടാതെ വിതരണം ചെയ്യാൻ സ്പോട്ട് പി.ആർ.എസ് ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രയോജനപ്പെട്ടിട്ടില്ല. മില്ലുകളുടെ ഏജന്റുമാർ നൽകുന്ന പി.ആർ.എസ് രസീത് അംഗീകരിച്ച് സപ്ലൈകോ ബാങ്കിലേക്ക് നൽകുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണ് നെൽവില വിതരണം നടക്കുന്നത്. പുതിയ സാമ്പത്തിക വർഷത്തിൽ ബാങ്കുകളുമായുള്ള കരാർ സപ്ലൈകോ പുതുക്കിയിട്ടില്ലെന്നും അതിനാലാണ് മാർച്ചിന് ശേഷം തുക വിതരണം നടക്കാത്തതെന്നും കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.