ആലപ്പുഴ: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ ജനറൽ ആശുപത്രി ഐ.സി.യു സൗകര്യത്തോടെ കോവിഡ് ആശുപത്രിയാക്കി മാറ്റും. കലക്ടർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ കൂടിയ ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഹൈേഫ്ലാ ഓക്സിജൻ സംവിധാനത്തോടുകൂടി 75 കിടക്ക യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജമാക്കും. വിവിധ വാർഡുകളിൽ അവശേഷിക്കുന്ന കിടക്കകളിലും ഹൈേഫ്ലാ ഓക്സിജൻ സംവിധാനം സജ്ജമാക്കുന്നതിനും ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർക്ക് നിർദേശം നൽകി. ജനറൽ ആശുപത്രിയിൽ 200 കിടക്കയുള്ള ചികിത്സാസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
ആവശ്യമായ ഒ.പികൾ നിലനിർത്തി ജനറൽ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ ഹരിപ്പാട് താലൂക്ക് ആശുപത്രി, വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി എന്നിവയാണ് ജില്ലയിലെ കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ചികിത്സ നൽകുന്നതിന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ 50 കിടക്കകൂടി ഉടൻ സജ്ജീകരിക്കും. ചേർത്തല താലൂക്ക് ആശുപത്രിയെ സി.എസ്.എൽ.ടി.സി യാക്കി മാറ്റും. അടിയന്തരമായി പ്രവർത്തനം ആരംഭിക്കാൻ ജില്ല മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി.
60നുമേൽ പ്രായമുള്ളവർക്ക് വാക്സിൻ രജിസ്ട്രേഷൻ നടത്തുന്നതിനായി പഞ്ചായത്തുകളിലും നഗരസഭകളിലും ഹെൽപ് ഡെസ്ക് തുടങ്ങാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. കോവിഡ് ആശുപത്രികളിൽ കഴിയുന്ന ഗുരുതരമല്ലാത്ത രോഗികളെ (എ കാറ്റഗറി) സി.എഫ്.എൽ.ടി.സികളിലേക്ക് മാറ്റും. കോവിഡ് ആശുപത്രികളിൽ ബി കാറ്റഗറി രോഗകൾക്കുമാത്രമായി പ്രവേശനം നിജപ്പെടുത്തും. ശരാശരിയിൽ താഴെ പരിശോധന നടക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. കോവിഡ് രണ്ടാം തരംഗത്തിൽ പോസിറ്റിവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിൽ വിപുലമായ ചികിത്സാ സൗകര്യമൊരുക്കി.
നിലവിലുള്ള ചികിത്സാ കേന്ദ്രങ്ങൾക്കു പുറമെ കൂടുതൽ കോവിഡ് പരിശോധന കേന്ദ്രങ്ങൾ, സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ(സി.എസ്.എൽ.ടി.സി), ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ (സി.എഫ്.എൽ.ടി.സി), ഡൊമിസിലിയറി കെയർ സെൻററുകൾ (ഡി.സി.സി.) എന്നിവയാണ് സജ്ജമാക്കിയത്. വിവിധ കേന്ദ്രങ്ങളിലായി 3686 കിടക്കയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.