തൊട്ടതിനെല്ലാം തീവില. വിലക്കയറ്റം നിമിത്തം ഭക്ഷണാവശ്യംപോലും നിറവേറ്റാൻ കുടുംബങ്ങൾ പെടാപ്പാട് പെടുന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ പൊതുവിപണിയിൽ സർക്കാർ ഇടപെടുന്നുമില്ല. നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചുയരുമ്പോൾ സബ്സിഡിയുള്ള അവശ്യസാധനങ്ങളില്ലാതെ നോക്കുകുത്തികളാകുകയാണ് സപ്ലൈകോ വിൽപന കേന്ദ്രങ്ങൾ. മത്സ്യ, മാംസ വിപണി, ഹോട്ടൽ മേഖല, നിർമാണ മേഖല തുടങ്ങിയവയെല്ലാം വിലക്കയറ്റത്തിന്റെ പിടിയിലാണ്. ഹോട്ടലുകളിൽ സാധാരണക്കാരന് ഭക്ഷണം കഴിക്കാനാകാത്തത്ര വിലയാണ്. നിർമാണ സാമഗ്രികളുടെ വിലക്കയറ്റം നിമിത്തം ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചവർ മുതൽ 1000 ചതുരശ്രയടിയിലേറെ വലുപ്പമുള്ള വീടുകൾ നിർമിക്കുന്നവർ വരെ പണി പൂർത്തിയാക്കാൻ നെട്ടോട്ടമാണ്. വിലക്കയറ്റത്തിൽ അന്ധാളിച്ച് നിൽകുകയാണ് ജനം. വിലക്കയറ്റം നിമിത്തം ഒരോ മേഖലയിലെയും ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ‘എന്തൊരു വില; എങ്ങനെ ജീവിക്കും...’ പരമ്പര ഇന്നുമുതൽ.
തൊഴിലവസരവും വരുമാനവും കുറയുന്നു; വില കയറുന്നു
ആലപ്പുഴ: ഓരോന്നിന്റെയും വില ഇങ്ങനെ കൂടിയാൽ എങ്ങനാ ജീവിക്കുക. ഇങ്ങനെ പറഞ്ഞുപോകാത്തവരായി ആരുമില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മൂന്നുനേരം ഭക്ഷണമൊരുക്കാനുള്ള വക കണ്ടെത്താൻ ഓരോ കുടുംബങ്ങളും പെടാപ്പാട് പെടുകയാണ്. തൊഴിലും വരുമാനവും ഇല്ലാത്തവരുടെ എണ്ണം കൂടിവരുകയാണ്. വിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആലപ്പുഴയുടെ നട്ടെല്ലായിരുന്ന കയർ വ്യവസായത്തിന്റെ പ്രതാപം നഷ്ടമായതോടെ തൊഴിലില്ലായ്മ ഇവിടെ രൂക്ഷമാണ്. ചെമ്മീൻ നുള്ള് കേന്ദ്രങ്ങളാണ് പിന്നീടുള്ള പ്രധാന തൊഴിൽ മേഖല. അവിടെയും തൊഴിലവസരം കുറഞ്ഞുവരുന്നു. കൃഷി കുറഞ്ഞതോടെ കൂലിപ്പണിയും കുറയുന്നു. ഇതെല്ലാം സാധാരണക്കാരുടെ വരുമാനം ഇടിയാൻ കാരണമായി.
തൊഴിലുറപ്പ് പദ്ധതിയാണ് ഇപ്പോൾ പാവപ്പെട്ടവരുടെ ആശ്രയം. അവിടെയും കൂലി കുടിശ്ശികയാണ്. 10 ശതമാനത്തിലേറെയാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ എന്നാണ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ കണക്ക്. അത്രയും പേർ ഒരു തൊഴിലുമില്ലാതെ നടക്കുകയാണ്. അസംഘടിത തൊഴിലാളികളിൽ നിത്യവും തൊഴിൽ ലഭിക്കുന്നവർ ചുരുക്കമാണ്. ഇതോടെ നിത്യവൃത്തികഴിയാൻ വകയില്ലാതെ വലയുന്നവരുടെ എണ്ണം ഏറുന്നു. തൊഴിലുള്ളവരിൽ സമ്പാദ്യം നാമമാത്രമാകുകയുമാണ്. അന്നന്നുള്ള വക കണ്ടെത്താനേ പലർക്കും കഴിയുന്നുള്ളൂ.
ദേശീയതലത്തില്‍ റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞിട്ടും കേരളത്തില്‍ ദൃശ്യമായത് കടകവിരുദ്ധമായ ട്രെന്‍ഡായിരുന്നു. നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റ തോത് വ്യക്തമാക്കുന്ന സൂചിക (റീട്ടെയിൽ പണപ്പെരുപ്പം) പ്രകാരം സംസ്ഥാനത്ത് വിലക്കയറ്റതിൽ 5.47 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് എന്നാണ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ (എൻ.എസ്.ഒ) റിപ്പോര്‍ട്ട്. നഗരങ്ങളില്‍ പണപ്പെരുപ്പം കുറയുമ്പോഴും ഗ്രാമീണമേഖലകളില്‍ കൂടുന്നതാണ് കേരളത്തിലെ രീതി. തുച്ഛമായ ശമ്പളത്തിന്റെ സിംഹഭാഗവും അടിസ്ഥാന ആവശ്യങ്ങൾക്കായി ചെലവഴിക്കേണ്ട അവസ്ഥയാണ്.
വൈദ്യുതി, പച്ചക്കറി, പലവ്യഞ്ജനം, ഭക്ഷ്യവസ്തുക്കൾ, പാചകവാതകം, വസ്ത്രം തുടങ്ങി ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള അവശ്യസാധനങ്ങൾക്ക് തീവിലയാണ്. വിലക്കയറ്റം പലരും ചൂഷണം ചെയ്യുന്ന സാഹചര്യവുമുണ്ട്. വിലക്കയറ്റത്തിന്റെ പേരിൽ മിക്കയിടങ്ങളിലും അനിയന്ത്രിതമായി വില കൂട്ടുന്ന വ്യാപാരികൾ സാധാരണക്കാരന് വെല്ലുവിളിയാണ്. ദിവസങ്ങളുടെ ഇടവേളകളിലാണ് വിലക്കയറ്റം മറയാക്കി കൊള്ളലാഭവും പൂഴ്ത്തിവെപ്പും നടത്തുന്നത്. കേരളത്തിലെ ഗ്രാമീണ മേഖലയിൽ ഒരുകുടുംബത്തിന് ഒരുമാസത്തെ ഭക്ഷണാവശ്യത്തിനുള്ള ശരാശരി ചെലവ് 6673 രൂപയാണ്. നഗരത്തിൽ അത് 7,834 രൂപയാണെന്നുമാണ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ പുതിയ കണക്ക്. 2023ലേതിനെക്കാൾ 1000 രൂപയുടെ വർധനയാണ് 2024ൽ ഉണ്ടായത്. 2023നെ അപേക്ഷിച്ച് ചെലവിൽ 2024ൽ ഏറ്റവും കൂടുതൽ വർധനയുണ്ടായ സംസ്ഥാനം കേരളമാണ്. ഭക്ഷണച്ചെലവിന് പുറമെ കുടിവെള്ളം, വൈദ്യുതി, വസ്ത്രം, പാചകവാതകം, യാത്ര, മരുന്ന് തുടങ്ങിയവക്ക് വേറെയും പണം കണ്ടെത്തണം.
നെഞ്ചിടിപ്പേറി വീട്ടമ്മമാർ
പച്ചക്കറി, പലവ്യഞ്ജനം, പാചകവാതകം തുടങ്ങി അവശ്യസാധനങ്ങളുടെ പൊള്ളുംവിലയിൽ വീട്ടമ്മമാരുടെ നെഞ്ചിടിപ്പ് കൂടുകയാണ്. വീട്ടാവശ്യങ്ങൾക്കായുള്ള നീക്കിയിരിപ്പ് പലപ്പോഴും തികയാത്ത അവസ്ഥയാണ്. ഗൃഹനാഥന്മാരുടെ വരുമാനത്തിനൊപ്പം കൈത്തൊഴിലുകളും മറ്റും ചെയ്ത് വീട്ടാവശ്യങ്ങൾക്കുള്ള വരുമാനം കണ്ടെത്തിയിരുന്നവരാണ് ഭൂരിഭാഗം വീട്ടമ്മമാരും. കയറും ചെമ്മീൻ നുള്ളൽ തുടങ്ങിയ മേഖലകളിലുണ്ടായ തൊഴിൽനഷ്ടം നിമിത്തം വീട്ടമ്മമാരിൽ ഭൂരിഭാഗവും തൊഴിൽ രഹിതരായി. അതോടെ കുടുംബ ബജറ്റ് താളംതെറ്റി. അപ്രതീക്ഷിതമായി വരുന്ന ആശുപത്രിച്ചെലവുകൾ ഇടത്തരം കുടുംബത്തിന്റെ പ്രതീക്ഷകൾ തകിമറിക്കുന്നു. ഗാർഹികാവശ്യങ്ങൾക്കായുള്ള പാചവാതകത്തിന്റെ നിരക്ക് ഏറിയും കുറഞ്ഞും തുടരുന്നു. യാത്രാച്ചെലവുകളും ഏറിയതോടെ വീട്ടമ്മമാർ നട്ടംതിരിയുകയാണ്.
യുവസമൂഹം അരക്ഷിതാവസ്ഥയിൽ
കേരളത്തിൽ 15നും 29 വയസ്സിനുമിടയിലുള്ള വിദ്യാർഥികളടങ്ങുന്ന യുവസമൂഹത്തിൽ തൊഴിലില്ലായ്മ 27.6 ശതമാനമാണ്. ഇക്കാര്യത്തിൽ ദേശീയതലത്തിൽ നമുക്ക് മുകളിലുള്ളത് ജമ്മു-കശ്മീരും ഒഡിഷയും മാത്രമാണ്. നമ്മുടെ ജില്ലയിലും 15-29 വയസ്സിനിടയിലുള്ളവരാണ് വരുമാനമില്ലാതെ അരക്ഷിതാവസ്ഥ ഏറ്റവുമധികം അനുഭവിക്കുന്നത്. മിനിമം വേതനം ലഭിക്കുന്ന ഉദ്യോഗാർഥികളുടെ ശമ്പളത്തിന്റെ പകുതിയിലേറെയും വിലക്കയറ്റം അപഹരിക്കുകയാണ്.
മാനസികോല്ലാസത്തിനായി യാത്ര പോകാനോ സിനിമ കാണാനോ ശമ്പളത്തിൽനിന്ന് നീക്കിയിരിപ്പ് നടക്കാനാവാത്ത അവസ്ഥയാണ്. മൊബൈൽ റീചാർജ്, യാത്രാച്ചെലവ്, ഭക്ഷണം, ഇ.എം.ഐ തുടങ്ങിയ തടസ്സങ്ങൾ യുവതയെ പിന്നോട്ടടിപ്പിക്കുന്നു.
മികച്ച വേതനമില്ലാതെ കിട്ടിയ ജോലി ചെയ്ത് തൃപ്തിപ്പെടുന്നവരാണ് മിക്ക യുവാക്കളും. മാസാവസാനം അക്കൗണ്ടിൽ ഒരു രൂപപോലും അവശേഷിക്കാത്ത അവസ്ഥ അവരിൽ ഏറെ അസ്വസ്ഥത സൃഷ്ടിക്കുന്നു. തുടരും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.