കയറും മത്സ്യബന്ധനവും തകർച്ചയിലായതോടെ വിലക്കയറ്റം സാധാരണ ജനജീവിതത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി
ആലപ്പുഴ: തൊട്ടാൽ പൊള്ളുന്ന വിലയാണ് പച്ചക്കറി ഇനങ്ങൾക്കും പലവ്യഞ്ജനങ്ങൾക്കും. എന്തു ചെയ്യാനാ.... വാങ്ങാതിരിക്കാൻ കഴിയുകയുമില്ല. അടുക്കളബജറ്റിന്റെ താളം തെറ്റിച്ചിരിക്കുകയാണ് പച്ചക്കറി പലവ്യഞ്ജന അവശ്യവസ്തുക്കളുടെ വിപണിവില. വിപണി ഇടപെടലിന് സർക്കാറിന് പണം ഇല്ലാതെ വന്നതോടെ എല്ലാറ്റിനും വില കുതിച്ചുകയറുകയാണ്. പരമ്പരാഗത വ്യവസായ മേഖലകളായ കയറും മത്സ്യബന്ധനവും തകർച്ചയിലായതോടെ പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും വിലക്കയറ്റം സാധാരണ ജനജീവിതത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി.
അവശ്യ സാധനങ്ങളുടെ വിലയിൽ വരുന്ന ക്രമാതീത വർധനവാണ് ഈ പ്രദേശത്തെ സാധാരണ കുടുംബങ്ങളുടെ ജീവിതശൈലിയെ മാറ്റിമറിക്കുന്നത്. കയർ വ്യവസായം മൂലവസ്തുക്കളുടെ വിലക്കയറ്റത്താൽ തളർന്നതിനാലും മത്സ്യത്തൊഴിലാളികൾ കടൽ-കായലിലെ പ്രതിസന്ധികളാൽ വരുമാനം നഷ്ടപ്പെട്ടതിനാലും വിലക്കയറ്റം ഇവരുടെ സമ്പദ്വ്യവസ്ഥയിൽ മുള്മുനയായി മാറുന്നു. സപ്ലൈകോ മാർക്കറ്റിൽ സബ്സിഡി നിരക്കിൽ എല്ലാ സാധനങ്ങളും ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. വാങ്ങാൻ ചെന്നാൽ സബ്സിഡി നിരക്കിൽ ലഭിക്കുന്നവ നാമമാത്രമാണ്.
ഇന്ധനവില കൂടിയാലും കാലാവസ്ഥ വ്യതിയാനം ഉണ്ടായാലും ആദ്യം ഭാരം വരുന്നത് അടുക്കളയിലേക്കാണ്. ഉയർന്നവില താഴാതെ തുടരുന്നത് ഇടത്തരം കുടുംബങ്ങൾക്ക് ആഘാതമാകുന്നു. ബീൻസ്, പയർ, വെണ്ടക്ക എന്നിവയുടെ വില ‘സെഞ്ചുറി’ കടന്നു. മുരിങ്ങക്ക വില ക്രമാതീതമായി ഉയർന്നനിലയിലാണ്. നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും പച്ചക്കറികൾക്ക് എത്ര രൂപ ഉയരുമെന്ന ആശങ്കയിലാണ് വീട്ടമ്മമാർ ദിവസങ്ങൾ തള്ളിനീക്കുന്നത്.
(തുടരും...)
പച്ചക്കറി വില പകുതിയിലേറെ ഉയർന്നു
വിവിധ പച്ചക്കറികളുടെ വില പകുതിയിൽ കൂടുതൽ വർധിച്ചതോടെ ദൈനംദിന വിഭവങ്ങളുടെ സങ്കൽപം തന്നെ കൈവിട്ടുപോകുന്നു. പച്ചക്കറിയിൽ വെണ്ട, കാരറ്റ്, ബീറ്റ്റൂട്ട്, പയർ, പച്ചമുളക് തുടങ്ങിയവക്കാണ് വില കൂടിയത്. കറി പയറും ബീറ്റ്റൂട്ടും 100 രൂപയിൽ എത്തി. കാരറ്റിന് 69 രൂപയിൽ നിന്ന് 80 രൂപയായി.
പച്ചക്കറികൾക്ക് ആനുപാതികമായി ഫലങ്ങളുടെയും വില കുതിച്ചുയരുകയാണ്. ഒരുകിലോ ഏത്തപ്പഴത്തിന് വില 80 രൂപയായി. രണ്ടുമാസത്തിനിടെയാണ് ഒരുഗ്ലാസ് നാരങ്ങാവെള്ളത്തിന് 15രൂപയിൽ നിന്ന് 25 രൂപയായി ഉയർന്നത്. നാരങ്ങയുടെ വില ഉയർന്നതാണ് വിലവർധനക്ക് കാരണമെന്നാണ് വ്യാപാരികളുടെ പക്ഷം. നാരങ്ങയുടെ വില പിന്നീട് കുറഞ്ഞെങ്കിലും നാരങ്ങാവെള്ളത്തിന്റെ വില കുറഞ്ഞില്ല. മിക്കയിടത്തും വ്യാപാരികളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് വിലവർധന. വിവിധ ഫലങ്ങളുടെ ജ്യൂസുകളുടെ വിലയും കുതിക്കുകയാണ്. 45 രൂപയായിരുന്ന ജ്യൂസുകൾക്ക് 60 രൂപ കൊടുക്കണം. 40 രൂപയായിരുന്ന കരിക്കിന് 50 - 60 രൂപവരെ ഈടാക്കുന്നു.
പലവ്യഞ്ജനങ്ങൾക്ക് പലവില
ഭക്ഷ്യവസ്തുക്കൾ, പ്രത്യേകിച്ച് അരി, എണ്ണ, പാൽപൊടി എന്നിവയുടെ വിലക്കയറ്റം ജനങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. മാസങ്ങൾക്കു മുമ്പ് 120 രൂപ മാത്രമുണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോൾ 360 രൂപയിലധികമാണ് വില. ജീരകത്തിന്റെ വില 250 പിന്നിട്ടു. രണ്ടുമാസം മുമ്പ് 150 ആയിരുന്നു വില. പരിപ്പിന് 120, വെള്ളക്കടലക്ക് 210, പയർ 160 എന്നിങ്ങനെയാണ് ഇപ്പോൾ വില. സോപ്പിനും വെളിച്ചെണ്ണക്കുമെല്ലാം വിലകൂടി.
പാചക എണ്ണ, വെളിച്ചെണ്ണ, അരി, പരിപ്പ്, ചെറുപയർ തുടങ്ങിയ പലവ്യഞ്ജനങ്ങൾക്ക് പലയിടങ്ങളിലും പലതാണ് വില. ഇതിൽ ലാഭം കൊയ്യുന്നത് വൻകിട സൂപ്പർമാർക്കറ്റുകളും. വിശേഷസമയങ്ങളിലെ വിലവർധന ഇത്തരക്കാർ മുതലെടുക്കുകയാണ്. പൊതുവിപണിയുടെ വിലയുൾപ്പെടുത്തി ചെറിയ ഓഫറുകൾ നൽകിയാണ് സാധാരണക്കാരെ ഇവർ ആകർഷിക്കുന്നത്.
സപ്ലൈ ഇല്ലാതെ സപ്ലൈകോ
പൊതുവിപണിയിലെ വിലക്കയറ്റത്തിന് ആശ്രയമാകേണ്ട സപ്ലൈകോയിൽ അവശ്യസാധനങ്ങളുടെ സപ്ലൈ പേരിനുമാത്രം. ക്രിസ്മസ് കാലത്ത് അവിടെ ഒന്നുമില്ല എന്ന പരാതികളുയർന്നു. അതുകഴിഞ്ഞപ്പോൾ കുറച്ച് സാധനങ്ങൾ എത്തി. അത് തീരാറായി. പുതിയ സ്റ്റോക്ക് എന്ന് വരുമെന്ന് ഉദ്യോഗസ്ഥർക്ക് നിശ്ചയമില്ല. മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ അരക്കിലോ വീതമേ നൽകുകയുള്ളൂ. അടുത്തിടെ സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചതും ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി. ഇപ്പോൾ സബ്സിഡി സാധനങ്ങൾ ഉണ്ടെങ്കിലും ഗുണനിലവാരമില്ലെന്ന പരാതി വ്യാപകമാണ്. അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് മൂലം ലാഭം കൊയ്യുന്നത് വൻകിട സ്വകാര്യ കച്ചവടക്കാരും പൂഴ്ത്തിവെപ്പുകാരുമാണ്. സപ്ലൈകോയിൽനിന്ന് ലഭിക്കുന്നത് രണ്ടാംതരം ഉൽപന്നങ്ങളാണെന്നും ആക്ഷേപമുണ്ട്.
സപ്ലൈകോയിലെ അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവും പൊതുവിപണിയിലെ വിലക്കൂടുതലും സാധാരണക്കാരെ സുപ്പർമാർക്കറ്റുകളിലേക്ക് എത്താൻ പ്രേരിപ്പിക്കുന്നു. രണ്ടെടുത്താൽ ഒന്ന് സൗജന്യം, ഒരു നിശ്ചിത തുകക്ക് സാധനങ്ങൾ വാങ്ങിയാൽ മറ്റൊന്ന് സൗജന്യം തുടങ്ങിയ ഓഫറുകളിലൂടെ കച്ചവടം വൻകിട സൂപ്പർമാർക്കറ്റുകൾ കൈപ്പിടിയിലാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.