ആലപ്പുഴ: മഴയിൽ റോഡുകൾ തകരുന്നതിന് ജനം കരാറുകാരെ പഴിചാരുമ്പോൾ ഉത്തരവാദി സർക്കാറാണെന്ന കുറ്റപ്പെടുത്തലുമായി കരാറുകാർ. കാലവർഷം ശക്തിപ്രാപിച്ചതോടെ ചെറുതും വലുതുമായ നൂറുകണക്കിന് റോഡുകളാണ് സംസ്ഥാനത്തുടനീളം തകർന്നത്. നിർമാണം കഴിഞ്ഞ് അധികകാലമാകാത്ത റോഡുകളും തകർന്നുതുടങ്ങി.
ഇതോടെയാണ് കരാറുകാർക്കെതിരെ സംസ്ഥാന വ്യാപകമായി അഴിമതി ആരോപണമുയർന്നത്. എന്നാൽ, നിലവിൽ റോഡുകളുടെ സ്ഥിതി മെച്ചപ്പെട്ട നിലയിലാണെന്നും മഴയിൽ വലിയ തകർച്ച എവിടെയും ഉണ്ടായിട്ടില്ലെന്നുമാണ് പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിന്റെ നിലപാട്. റണ്ണിങ് കോൺട്രാക്ട് സംവിധാനം വന്നതോടെ കുഴികൾ ഉടൻ അടക്കുന്നുണ്ട്. നിലവിൽ തകർന്ന റോഡുകളുടെ കണക്ക് എടുത്തിട്ടില്ലെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
പണികളിൽ മനഃപൂർവം വീഴ്ച വരുത്താൻ ഒരു കരാറുകാരും തയാറാകില്ലെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പറയുന്നു. നിർമാണ ഘട്ടത്തിലും ബാധ്യതകാലയളവിലും ഉണ്ടാകുന്ന കേടുപാടുകൾ കരാറുകാർ സ്വന്തം ചെലവിൽ പരിഹരിക്കാൻ ബാധ്യസ്ഥരാണ്. അതിന് തയാറാകാത്ത കരാറുകാർക്ക് സെക്യൂരിറ്റി തുക നഷ്ടപ്പെടും. കൂടാതെ പുനഃക്രമീകരിക്കുന്ന പ്രവൃത്തിയുടെ ചെലവും ഈടാക്കും. ഈ വ്യവസ്ഥകളുള്ളതിനാൽ നിർമാണത്തിൽ വീഴ്ച വരുത്തിയാൽ നഷ്ടം കരാറുകാർക്ക് തന്നെയാണെന്നും അവർ പറയുന്നു. അതേസമയം, രൂപകൽപനയിലും അടങ്കൽ തുകയിലും വലിയ മാറ്റങ്ങൾ വരുത്താതെ ദീർഘകാലം നിലനിൽക്കുന്ന റോഡുകളുടെ നിർമാണം സാധ്യമാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴത്തെ നിർമാണങ്ങൾ സാങ്കേതിക തികവോടെയല്ല, അവ താൽക്കലിക നിർമാണം മാത്രമായേ കണക്കാക്കാനാകൂ എന്നും അവർ പറയുന്നു. പണി പൂർത്തിയായി മൂന്നുവർഷം വരെയുള്ള കേടുപാടുകൾ കൃത്യമായി പരിഹരിക്കുന്നുണ്ടെന്ന് ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ അവകാശപ്പെട്ടു.
ഒരു ബാരൽ ടാറിന് പൊതുമേഖല സ്ഥാപനങ്ങൾ 10,000 രൂപ വില ഈടാക്കുമ്പോൾ, കേരള സർക്കാർ കേവലം 6500 രൂപ മാത്രമാണ് കരാറുകാർക്ക് നൽകുന്നത്. ക്വാറി-ക്രഷർ ഉൽപന്നങ്ങളുടെ അസാധാരണ വില വർധനയും ക്ഷാമവും കരാറുകാരെ വലക്കുന്നു. ടാറിന് വില കുറച്ചില്ലെങ്കിൽ കരാറുകാർ പുതിയ ടെൻഡറുകൾ ബഹിഷ്കരിക്കുമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.