ആലപ്പുഴ: പല കമ്പനികളുടെ ഉപ്പിനും ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ. സ്പ്രിങ്കിള്‍ ബ്രാന്‍ഡ് ഉപ്പിന് പിന്നാലെ മറ്റൊരു കമ്പനിയുടേതിനും ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതായി സൂചനയുണ്ട്. വിപണിയിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കൾക്ക് ഗുണനിലവാരമില്ല എന്ന പരാതി വ്യാപകമായി നിലനിൽക്കെയാണ് ഉപ്പുപോലും നിലവാരമില്ലാത്തതാണെന്ന് വെളിപ്പെടുന്നത്.
അമ്പലപ്പുഴ സര്‍ക്കിളില്‍നിന്ന് സ്പ്രിങ്കിള്‍ ബ്രാന്‍ഡ് ഉപ്പ് സാമ്പിള്‍ ശേഖരിച്ചതിൽ നിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് വിറ്റതിന് മൂന്ന് സ്ഥാപനത്തിന് 1,85,000 രൂപ പിഴ ചുമത്താന്‍ ആലപ്പുഴ ആര്.ഡി.ഒ കോടതി ഉത്തരവിട്ടിരുന്നു. നിർദിഷ്ട നിലവാരമില്ലാതിരുന്നതിനാല്‍ ഉപ്പ് നിര്‍മാതാക്കളായ തൂത്തുക്കുടി സഹായമാത സാള്‍ട്ടേണ്‍ എന്ന സ്ഥാപനത്തിന് 1,50,000 രൂപ പിഴയും വിതരണം നടത്തിയ സ്ഥാപനമായ ചേര്‍ത്തലയിലെ ലക്ഷ്മി സ്റ്റോഴ്സിന് 25,000 രൂപ പിഴയും നിലവാരമില്ലാത്ത ഉപ്പ് വിറ്റ സ്ഥാപനമായ അമ്പലപ്പുഴ ഫ്രണ്ട്സ് ട്രേഡിങ് കമ്പനിക്ക് 10,000 രൂപ പിഴയും ചുമത്തിയാണ് ആലപ്പുഴ ആര്.ഡി.ഒ കോടതി ഉത്തരവിട്ടത്.
ഉപ്പില്‍ 15 മുതല്‍ 30 വരെ പി.പി.എം അയഡിൻ ഉണ്ടാകണമെന്നാണ് ഭക്ഷ്യസുരക്ഷാ നിയമത്തിൽ പറയുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം, തലച്ചോറിന്റെയും ശരീരത്തിന്റെയും ശരിയായ വികാസം, ശരീര താപനില നിലനിർത്തൽ എന്നിവക്ക് അയോഡിൻ ആവശ്യമാണ്.
അതിനാലാണ് ദേശീയ അയോഡിൻ ഡെഫിഷ്യൻസി ഡിസോർഡേഴ്സ് കൺട്രോൾ പ്രോഗ്രാമിന് കീഴിൽ, രാജ്യത്തെ എല്ലാ ഭക്ഷ്യയോഗ്യമായ ഉപ്പും അയോഡൈസ് ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഉൽപാദന തലത്തിൽ അയോഡൈസ്ഡ് ഉപ്പ് 30 പി.പി.എമ്മിൽ കുറയാതെയും ഉപഭോക്തൃ തലത്തിൽ 15 പി.പി.എമ്മിൽ കുറയാതെയും ഉണ്ടായിരിക്കണമെന്ന് ഭക്ഷ്യമായം ചേർക്കൽ നിയമം പറയുന്നു. പല ബ്രാൻഡുകളും ഈ ഗുണനിലവാരം പാലിക്കുന്നില്ലെന്നാണ് വെളിപ്പെടുന്നത്.
കല്ലുപ്പ് പണ്ട് സുപരിചിതമായിരുന്നു. ’80കൾ മുതലാണ് പൊടിയുപ്പ് വന്ന് തുടങ്ങിയത്. ഇന്തുപ്പ് സൂപ്പർ മാർക്കറ്റുകളിൽ ഇപ്പോൾ ലഭ്യമായി തുടങ്ങിയത്. പൊടിയുപ്പിൽ സോഡിയം ക്ലോറൈഡ് 98 ശതമാനമാണ്. കല്ലുപ്പിൽ 90 ശതമാനമാണ്. കടൽവെള്ളം വറ്റിച്ചാണ് കല്ലുപ്പ് എടുക്കുന്നത്. സോഡിയം ക്ലോറൈഡിന് പുറമെ 15ഓളം മിനറലുകളും ആൽഗകളും കല്ലുപ്പിൽ അടങ്ങിയിരിക്കുന്നു.
അവയെല്ലാം ശരീരത്തിന് ഗുണകരമായവയാണ്. പൊടിയുപ്പ് ശുദ്ധീകരിച്ച് വരുന്നതാണ്. സോഡിയം ക്ലോറൈഡ് ഒഴികെയുള്ള ഘടകങ്ങൾ പരമാവധി നീക്കം ചെയ്യുന്നതിനാലാണ് അതിന് ഉപ്പ് രസം കൂടുന്നത്. കട്ടപിടിക്കാതിരിക്കാൻ ആന്റികേക്കിങ് ഏജന്റുകളായ സോഡിയം അലുമിനോ സിലിക്കേറ്റ്, സിലിക്കൻ ഡയോക്സൈഡ്, മഗ്നീഷ്യം കാർബണേറ്റ് എന്നിവയിൽ ഏതെങ്കിലും ചേർക്കുന്നു. ഹിമാലയം, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിലെ ഉപ്പ് ഖനികളിലെ പാറകളിൽനിന്ന് വെട്ടിയെടുക്കുന്നതാണ് ഇന്തുപ്പ്. 96 ശതമാനത്തോളം സോഡിയം ക്ലോറൈഡ് അതിലുണ്ട്. അയൺ, ക്രോമിയം, കോപ്പർ, സിങ്ക്, മാംഗനീസ് പോലുള്ളവയുടെ സംയുക്തമാണ് അതിന് പിങ്ക് നിറം നൽകുന്നത്. ആയൂർവേദ മരുന്നുകളിലും ആയുർവേദ ചികിത്സക്കും ഇന്തുപ്പ് ഉപയോഗിക്കുന്നുണ്ട്.
അയോഡൈസ്ഡ് കല്ലുപ്പും ഇപ്പോൾ ലഭ്യമാണ്. ഒരു ടീസ്പൂൺ (ആറ് ഗ്രാം) ഉപ്പിൽ കൂടുതൽ ഒരു ദിവസം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഭക്ഷ്യസുരക്ഷ നിലവാര നിയമമനുസരിച്ച് ഉപ്പില്‍ 15 മുതല്‍ 30വരെ പി.പി.എം (പാര്‍ട്സ് പെര് മില്യണ്‍) പൊട്ടാസ്യം അയഡൈഡ് വേണം. ഇത്രയുമില്ലെങ്കില്‍ അതു കൊണ്ടുദ്ദേശിക്കുന്ന ഗുണം കിട്ടില്ല. ഈയളവില്‍ ഇല്ലാത്തതിനാലാണ് നടപടിയെടുത്തതെന്ന് ജില്ല ഭക്ഷ്യസുരക്ഷാ അസി. കമീഷണര്‍ വൈ.ജെ. സുബിമോള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഉപ്പിൽ മായം കണ്ടെത്തിയിട്ടില്ലെന്നും നിയമം നിഷ്കർഷിക്കുന്ന അളവിൽ അയോഡിൻ അടങ്ങിയിട്ടില്ലാത്തതിനാലാണ് നടപടിയെടുത്തതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.