ആലപ്പുഴ: രണ്ടാം കുട്ടനാട് പാക്കേജിനായി അനുവദിച്ച 100 കോടി രൂപ വിനിയോഗിക്കുക പാടശേഖരങ്ങളുടെ നവീകരണത്തിനും പുറംബണ്ടുകൾ ബലപ്പെടുത്തുന്നതിനും. ദീർഘനാളായി കുട്ടനാട്ടുകാർ ഉയർത്തുന്ന ആവശ്യങ്ങളാണ് ഇവ രണ്ടും.
ബൈപ്പാസ് ചാലുകളിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിനും തുക വിനിയോഗിക്കും. ഇതോടെ കുട്ടനാട് നേരിടുന്ന മട വീഴ്ചക്കും വെള്ളപ്പൊക്കത്തിനും ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് കരുതുന്നത്.
പാടശേഖരങ്ങളുടെയും ബണ്ടുകളുടെയും നവീകരണത്തിന് 75 പ്രവൃത്തികൾ നടപ്പാക്കുന്നതിനാണ് തുക അനുവദിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്.
മടകൾ വീഴാതെ ബലപ്പെടുത്തൽ എങ്ങിനെ എന്ന് വ്യക്തമായിട്ടില്ല. കരിങ്കല്ലുകൾ കൊണ്ട് കെട്ടി ബലപ്പെടുത്തലാണോ, നിലവിലെ ബണ്ടുകൾ കട്ടകുത്തി വീതി കൂട്ടി ബലപ്പെടുത്തലാണോ നടക്കുകയെന്ന് പദ്ധതിയുടെ വിശദ റിപ്പോർട്ട് പുറത്തുവന്നാലെ വ്യക്തമാകൂ. 2008ല്‍ കുട്ടനാട് പാക്കേജിന്റെ പ്രഖ്യാപനം നടന്നപ്പോള്‍ 2,138 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. 2010 ൽ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് പാക്കേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മൂന്നു വർഷത്തിനകം നടപ്പാക്കേണ്ടിയിരുന്ന പാക്കേജിന്റെ കാലാവധി 2016 വരെ നീട്ടിക്കൊടുത്തിട്ടും ലക്ഷ്യത്തിലേക്ക് എത്തിയിരുന്നില്ല. 2020ലാണ് പിണറായി സര്‍ക്കാര്‍ രണ്ടാംഘട്ട പാക്കേജിന്റെ പ്രഖ്യാപനം നടത്തിയത്. ബണ്ടുകൾ ബലപ്പെടുത്തുമ്പോൾ അവ റോഡായി ഉപയോഗിക്കും വിധമാകണമെന്ന നിർദേശവും ഉയരുന്നുണ്ട്. കുട്ടനാട്ടിലെ ഗതാഗത പ്രശ്നങ്ങൾക്കും ഇത് പരിഹാരമാകും.
കുട്ടനാട്ടിൽ പ്രളയം ഉണ്ടാകുന്നത് തടയാനുള്ള പദ്ധതികളുടെ ഭാഗമായി പമ്പയാറ്റിൽ നാലിടത്ത് റെഗുലേറ്ററുകൾ സ്ഥാപിക്കണമെന്ന് മദ്രാസ് ഐ.ഐ.ടി നിർദേശിച്ചിട്ടുണ്ട്. പമ്പയാറ്റിലെ വെള്ളം ലോവർകുട്ടനാട്ടിൽ എത്താതെ നേരെ തോട്ടപ്പള്ളിയിൽ എത്തിച്ച് കടലിലേക്ക് ഒഴുക്കാൻ ഇതുവഴി കഴിയുമത്രെ.
പരുമലയ്ക്ക് സമീപം, കുത്തിയതോട്, ചെറുതന, കീച്ചേരി വളവിനു സമീപം, തകഴി, കരുമാടി എന്നിവിടങ്ങളിൽ റെഗുലേറ്ററുകൾ വേണമെന്നാണ് നിർദേശം. നീരൊഴുക്കിന്റെ ഗതിമാറ്റുന്നത് കുട്ടനാടിന്റെ സ്വാഭാവിക പരിസ്ഥിതിയെ പരിസ്ഥിതി ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
വെള്ളപ്പൊക്കമാണ് കുട്ടനാടിനെ കഴുകി വൃത്തിയാക്കുന്നത്. മണ്ണിന്റെ അമ്ലത കുറക്കുക, പുതിയ എക്കൽ കൊണ്ട് വന്ന് എത്തിക്കുന്നതിലൂടെ മണ്ണിന്റെ ഫലഭുയിഷ്ടത പരിപാലിക്കുക തുടങ്ങിയവ വെള്ളപ്പൊക്കം മൂലം സാധ്യമാകുന്നുണ്ട്. വെള്ളം വഴിതിരിച്ചുവിട്ടാൽ കുട്ടനാടിന്റെ പരിസ്ഥിതി ആകെ തകരാൻ കാരണമാകും. തണ്ണീർമുക്കം ബണ്ട് വന്നതോടെ ആവശ്യത്തിന് ഉപ്പുവെള്ളം കയറാതെ കൃഷിക്കായി വിനിയോഗിക്കുന്ന രാസവളങ്ങളുടെയും കീടനാശിനികളുടെയും അവഷിപ്തങ്ങൾ അടിഞ്ഞ് ഏറെ പ്രദേശങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.