ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയുടെ ഫൈനൽ മത്സരങ്ങളുടെ ആവേശം ഒട്ടും ചോരാതെ വിദ്യാർഥികളുടെ കമന്ററി മത്സരം. കഴിഞ്ഞവർഷം പുന്നമടയിൽ നടന്ന നെഹ്റു ട്രോഫി മത്സരത്തിന്റെ തത്സമയ വിവരണമാണ് അവതരിപ്പിച്ചത്. ഒന്നാം ട്രാക്കിൽ മാറ്റുരച്ച മഹാദേവികാട് കാട്ടിൽ തെക്കേൽ ചുണ്ടനും രണ്ടാം ട്രാക്കിൽ വീയപുരം ചുണ്ടനും മൂന്നാം ട്രാക്കിൽ ചമ്പക്കുളവും നാലാം ട്രാക്കിൽ നടുഭാഗവും ഏറ്റുമുട്ടിയ മത്സരത്തിന്റെ ആവേശമാണ് നിറഞ്ഞുനിന്നത്. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിന്റെ നേർസാക്ഷ്യം പറഞ്ഞായിരുന്നു ഓരോ മത്സരാർഥികളും മുന്നേറിയത്. ജലമേളയുടെ ഫൈനൽ പ്രതീതി മൈക്കിലൂടെ ഒഴുകിയെത്തി.
69ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്ക് ജില്ല പഞ്ചായത്ത് മിനിഹാളിൽ നടത്തിയ കമന്ററി മത്സരത്തിലാണ് ഫൈനൽ ആവേശം മുഴങ്ങിയത്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ നസീർ പുന്നക്കൽ ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.എസ്. സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ കെ. നാസർ, രമേശൻ ചെമ്മാപറമ്പിൽ എന്നിവർ പങ്കെടുത്തു. എച്ച്.എസ് വിഭാഗത്തിൽ അറവുകാട് ഹയർ സെക്കൻഡറി സ്കൂളിലെ ഷാഹിം മഹ്മൂദ് ഒന്നാം സ്ഥാനവും കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ ആദിത്യൻ പ്രദീഷ് രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ എടത്വ ലൂർദ് മാത സ്കൂളിലെ ഷേബ മരിയ ജോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രഫ. ചെറിയാൻ അലക്സാണ്ടർ, ഷാജി ചേരമൺ, ഹരികുമാർ വാലേത്ത് എന്നിവർ വിധികർത്താക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.