മുഹമ്മ: കഴിഞ്ഞകാല പ്രൗഢി വിളിച്ചോതി വേമ്പനാട് കായലിൽ ബോട്ടുജെട്ടിയിലെ വിളക്കുമരം. മുഹമ്മ കായിപ്പുറം ജെട്ടിയുടെ തെക്ക് ഭാഗത്താണ് ഗതകാല സ്മരണകളുയർത്തി വിളക്കുമരത്തിന്റെ കാൽ ഇപ്പോഴും അവശേഷിക്കുന്നത്. പാതിരാമണൽ സന്ദർശിക്കാൻ എത്തുന്നവരുടെ പ്രധാന ആകർഷണ കേന്ദ്രമാണ് ഇത്. ജലഗതാഗതം സമ്പന്നമായിരുന്ന കാലത്ത് ജലയാനങ്ങൾക്ക് ദിക്ക് അറിയാൻ സ്ഥാപിച്ച വിളക്കുമരമാണ് കൗതുക കാഴ്ചയായി നിൽക്കുന്നത്.
വൈദ്യുതി വിളക്കുകൾ ഇല്ലാതിരുന്ന കാലത്ത് ഈ വിളക്കുമരത്തിന് മുകളിലുള്ള കണ്ണാടിക്കൂട്ടിൽ വിളക്ക് തെളിക്കുമായിരുന്നു. കോട്ടയം, ചങ്ങനാശ്ശേരി, ടി.വി പുരം മേഖലകളിൽ നിന്നുള്ള യാത്രാബോട്ടുകൾ മുഹമ്മ ബോട്ട് ജെട്ടിയിലും കായിപ്പുറത്തും അടുത്തിരുന്നത് ഈ വിളക്കുമരത്തെ ആശ്രയിച്ചായിരുന്നു. കരഗതാഗതം വികസിതമല്ലാതിരുന്ന കാലമായതിനാൽ കോട്ടയം, എറണാകുളം, ആലപ്പുഴ മേഖലകളുമായി ബന്ധപ്പെട്ട ചരക്കിറക്കിന് ആശ്രയിച്ചിരുന്നത് ജലയാനങ്ങളെ ആയിരുന്നു.
പാതിരാമണൽ ദ്വീപ് അന്ന് സ്വകാര്യ വ്യക്തിയുടെ അധീനതയിലായിരുന്നു. ദ്വീപിലേക്കുള്ള മുഖ്യപ്രവേശന കവാടമായിരുന്നതിനാൽ കായിപ്പുറം ജെട്ടിയിലാണ് കൂടുതൽ ആൾക്കാരും എത്തിയിരുന്നത്. ഇത്തവണ നടക്കുന്ന പാതിരാമണൽ ഫെസ്റ്റിൽ മുൻ വർഷത്തേക്കാൾ കൂടുതൽ വിനോദ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇത്രയും ആൾക്കാരെ ഉൾക്കൊള്ളാനും ഭക്ഷ്യ- വിശ്രമകേന്ദ്രങ്ങൾ ഒരുക്കാനും നടപടി ആവശ്യമാണ്. മഴ വന്നാൽ കയറി നിൽക്കാൻ സൗകര്യം ഇപ്പോഴില്ല. ഇനിയും വികസിപ്പിക്കാത്ത ബോട്ട് ജെട്ടിയിൽ ഒരു ബോട്ട് മാത്രം അടുപ്പിക്കാനുള്ള സൗകര്യമാണ് നിലവിലുള്ളത്. യാത്രക്കാരെ ഇറക്കുന്ന ബോട്ടുകൾ അവർ തിരികെ വരുംവരെ ബോട്ടുജെട്ടിയിൽ തങ്ങുന്ന സ്ഥിതിയുണ്ട്. ഇത് മറ്റ് ബോട്ടുകൾക്ക് ദ്വീപിലേക്ക് അടുക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കുന്നു.
യാത്രക്കാരെ ഇറക്കുന്ന ബോട്ടുകൾ അകലെ മാറി നങ്കൂരമിടാൻ സംവിധാനം ഒരുക്കലാണ് ഇതിന് പോംവഴി. സഞ്ചാരികളുടെ സുരക്ഷക്കും സുഗമ സഞ്ചാരത്തിനുമായി താൽക്കാലിക ബോട്ടുജെട്ടികളും സ്ഥാപിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.