ആലപ്പുഴ: ഗാന്ധി ജയന്തി ആഘോഷ ഭാഗമായുള്ള സ്വച്ഛതാ ഹി സേവ ആചരണത്തിന്റെ ഭാഗമായി ജില്ലയിൽ വ്യാപകമായി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ജില്ലയുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നാഴികക്കല്ലായി ജനറല്‍ ആശുപത്രിയിലെ ദ്രവമാലിന്യ സംസ്കരണ പ്ലാന്റ് ബുധനാഴ്ച തുറന്നു.
ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച മലിനജല സംസ്കരണ പ്ലാന്റിന് 2,40,000 ലിറ്റര്‍ സംസ്കരണ ശേഷിയുണ്ട്. 3.45 കോടിയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയിരുന്നത്. മാലിന്യം പൊതുനിരത്തുകളിൽ തള്ളുന്നത് ശക്തമായ നിയമനടപടി വഴി തടയേണ്ടതുണ്ടെന്നും അതോടൊപ്പം മാലിന്യം സംസ്കരിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി നൽകേണ്ട ബാധ്യത പൊതുസമൂഹത്തിനും സംവിധാനങ്ങൾക്കും ഉണ്ടെന്നും ദ്രവമാലിന്യ സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ച മന്ത്രി പി. പ്രസാദ് പറഞ്ഞു. മാലിന്യമുക്ത നവകേരളത്തിനായി സംഘടിപ്പിക്കുന്ന ജനകീയ കാമ്പയിന്റെ ജില്ലതല ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് വിവിധ മിഷനുകളുടെയും വകുപ്പുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിൻ ആലപ്പുഴ നഗരസഭ ദ്രവമാലിന്യ സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനത്തോടെയാണ് തുടക്കമിട്ടത്. ജനറല്‍ ആശുപത്രി കോമ്പൗണ്ടിലാണ് എസ്.ടി.പി നിർമിച്ചിട്ടുള്ളത്.
പി.പി. ചിത്തരജ്ഞൻ എം.എൽ.എ, മുനിസിപ്പല്‍ ചെയർപേഴ്സൻ കെ.കെ. ജയമ്മ, കലക്ടര്‍ അലക്സ് വര്‍ഗീസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്ഥിരം സമിതി അധ്യക്ഷരായ എം.ആർ. പ്രേം, നസീർ പുന്നക്കൽ, എ.എസ്. കവിത, ആർ. വിനീത, മുൻ നഗരസഭ ചെയർപേഴ്സൻ സൗമ്യരാജ്, നഗരസഭ അംഗം റിഗോ രാജു, നഗരസഭ സെക്രട്ടറി എ.എം. മുംതാസ്, നവകേരളം കർമപദ്ധതി ജില്ല കോഓഡിനേറ്റർ കെ.എസ്. രാജേഷ്, എക്സി. എൻജിനീയർ ഷിബു എം. നാലപ്പാട്ട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച കാമ്പയിൻ 2025 മാര്‍ച്ച് 31ന് മാലിന്യമുക്തം നവകേരളം പ്രഖ്യാപനംവരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.