അന്ധകാരനഴിമുഖത്ത് മണ്ണ് അടിഞ്ഞപ്പോൾ
തുറവൂർ: അന്ധകാരനഴിയിലെ പുലിമുട്ട് നിർമാണത്തിന് ഒമ്പതുകോടി രൂപയുടെ ഭരണാനുമതി ലഭിച്ച് ഒരുവർഷം പിന്നിട്ടിട്ടും പദ്ധതിയുടെ നിർമാണം അനന്തമായി നീളുന്നു. അന്ധകാരനഴിയിലും സമീപപ്രദേശങ്ങളിലും ഏറെ പ്രയോജനകരമാകുന്ന പദ്ധതിയുടെ നിർമാണത്തിന് കഴിഞ്ഞവർഷമാണ് ഒമ്പതുകോടിയുടെ ഭരണാനുമതി ലഭിച്ചത്. എന്നാൽ നാളിതുവരെ പ്രാരംഭ നടപടികൾ പോലും നടന്നിട്ടില്ല. അന്ധകാരനഴിയിൽ തുടർച്ചയായി മണ്ണടിയുന്നതിനാൽ മത്സ്യമേഖലകളിലും വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുന്നവർക്കും ആശ്വാസത്തിനായാണ് അന്ധകാരനഴിയിൽ പുലിമുട്ട് നിർമിക്കണമെന്ന ആവശ്യം അംഗീകരിച്ചത്.
പുലിമുട്ട് നിർമിക്കുന്നതുവഴി അഴി മണ്ണടിയാതെ ഏതു കാലവസ്ഥയിലും തുറന്നുകിടക്കുമെന്നും കായലും കടലുമായുള്ള നീരൊഴുക്ക് സുഗമമാവുകയും കൂടാതെ, എല്ലാ മത്സ്യബന്ധന വള്ളങ്ങൾക്കും സുരക്ഷിതമായി കയറ്റിയിടാൻ സാഹചര്യമുണ്ടാകുമെന്നും തൊഴിലാളികൾ പറഞ്ഞു. ഏതുസമയവും മണ്ണ് വന്നടിയുന്നതുമൂലം മത്സ്യബന്ധനം കഴിഞ്ഞ് വള്ളങ്ങൾക്ക് ഇവിടെ അടുപ്പിക്കാൻ കഴിയാതെ വരുന്നു. കൊച്ചിയിലും ചെല്ലാനം ഹാർബറിലുമാണ് ഇപ്പോൾ വള്ളങ്ങൾ മത്സ്യബന്ധനം കഴിഞ്ഞ് അടുപ്പിക്കുന്നത്. അർത്തുങ്കൽ മുതലുള്ള വള്ളങ്ങൾക്ക് മത്സ്യബന്ധനം കഴിഞ്ഞ് അന്ധകാരനഴിയിൽ സുരക്ഷിതമായി കയറ്റിയിടാൻ കഴിഞ്ഞാൽ ഭാരിച്ച ചെലവ് കുറക്കാൻ കഴിയുമെന്ന് തൊഴിലാളികൾ പറഞ്ഞു.
മഴ കനക്കുമ്പോൾ ലക്ഷങ്ങൾ മുടക്കിമുറിച്ച പൊഴിമുഖം അടയും. കടലിലേക്കുള്ള നീരൊഴുക്ക് ഇല്ലാതാവുകയും തിരയിൽ മണ്ണടിയുകയും ചെയ്തതോടെയാണ് പൊഴിമുഖം അടയുന്നത്. ഇത് മത്സ്യത്തൊഴിലാളികളെ വീണ്ടും ദുരിതത്തിലാഴ്ത്തും. പൊഴിമുറിക്കൽ എന്ന പ്രക്രിയ ഒഴിവാക്കാൻ ഇവിടെ പുലിമുട്ടും കടൽഭിത്തിയും നിർമിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം ഇപ്പോഴും ആരും ചെവിക്കൊള്ളുന്നില്ല.
പൊഴി തുറന്നുകിടന്നാൽ ഇവിടെനിന്ന് മത്സ്യബന്ധനത്തിന് പോകാനാകും. എന്നാൽ, പൊഴി അടഞ്ഞാൽ ഇതേ വള്ളങ്ങൾ ഫോർട്ട്കൊച്ചി ഹാർബറിനെയാണ് ആശ്രയിക്കുക. ഇതുമൂലം സാമ്പത്തിക- സമയനഷ്ടം ഏറെയാണ്. പൊഴി മുറിക്കുമ്പോഴത്തെ മണൽ നേരത്തേ വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിനടക്കം തീരദേശവാസികൾക്ക് നൽകിയിരുന്നു. എന്നാൽ ഇന്ന് ഇതനുവദിക്കുന്നില്ല. അതിനാൽത്തന്നെ യന്ത്രം ഉപയോഗിച്ച് ഇരുഭാഗത്തേക്കുമായി കോരിവെക്കുന്ന മൺകൂന അധികം താമസിയാതെ വീണ്ടും ഇടിഞ്ഞ് പൊഴി അടയുന്ന സ്ഥിതിയിലേക്ക് എത്തുകയാണ്.
വർഷാവർഷം പൊഴിമുറിക്കുന്നതിനായി വലിയൊരു തുകയാണ് ചെലവിടുന്നത്. എന്നാൽ അതിന് കാര്യമായ പ്രയോജനവും ലഭിക്കുന്നില്ല. അവിടെയാണ് പുലിമുട്ട് വേണമെന്ന തൊഴിലാളികളുടെ നാളുകളായുള്ള ആവശ്യത്തിന്റെ പ്രസക്തിയേറുന്നത്. അന്ധകാരനഴിയിൽ പുലിമുട്ട് നിർമിച്ചാൽ പൊഴി വർഷം മുഴുവൻ തുറന്നിടാനാകും. ഇത് അർത്തുങ്കൽ മുതൽ പള്ളിത്തോട് വരെയുള്ള മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.