ആലപ്പുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ജില്ലയിലെ വിവിധ കോളജുകളിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വ്യാപകപ്രതിഷേധം. ആലപ്പുഴ എസ്.ഡി കോളജിൽ കവാടത്തിലും അകത്തുമായി രണ്ട് വലിയബാനറുകളാണ് കെട്ടിയത്.
ഗവർണർ ചാൻസലറോ, സർസംഘ് ചാലകോ: ചാൻസിലറുടെ സംഘ്പരിവാർവത്കരണം അറബിക്കടലിൽ, മസ്തിഷ്കത്തിന് പകരം മനുസ്മൃതിയെങ്കിൽ ഗവർണേറേ....തെരുവുകൾ നിങ്ങളെ ഭരണഘടന പഠിപ്പിക്കുക തന്നെ ചെയ്യും തുടങ്ങിയവ കറുത്തനിറത്തിലാണ് എഴുതിയത്.
സമാനരീതിയിലുള്ള ബാനറുകൾ ചേർത്തല എസ്.എൻ. കോളജ്, നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജ്, കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി, മാവേലിക്കര ബിഷപ് മൂർ കോളജ്, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്, ചെങ്ങന്നൂർ ഐ.ടി.ഐ, ചെങ്ങന്നൂർ വനിത ഐ.ടി.ഐ, പുളിങ്കുന്ന് എൻജിനിയറിങ് കോളജ് എന്നിവിടങ്ങളിലെ കവാടങ്ങളിലും ഉയർന്നു. വിവിധകോളജുകളിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രകടനവും ചാൻസലറുടെ കോലവും കത്തിച്ചു.
ചെങ്ങന്നുർ: ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ സർവ്വകലാശാല കാവിവത്ക്കരണത്തിനെതിരെ എസ്.എഫ്.ഐ ചെങ്ങന്നൂർ ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. എഞ്ചിനീയറിംഗ് കോളേജ് ജംഗ്ഷനിൽ ജില്ല ജോ. സെക്രട്ടറി കെ. ആതിര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഗോകുൽ കേശവ് അധ്യക്ഷത വഹിച്ചു. വിഷ്ണു കൊച്ചുമോൻ, ദീപക് വിശ്വംഭരൻ എന്നിവർ സംസാരിച്ചു.
ആലപ്പുഴ: വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിവിധസ്ഥലങ്ങളിൽ പ്രതിഷേധവും കോലം കത്തിക്കലും.
സംഘി ചാൻസിലർ ഗോബാക്ക് മുദ്രാവാക്യമുയർത്തി ചേർത്തലയിൽ നടത്തിയ പ്രതിഷേധപ്രകടനം ദേവിക്ഷേത്രത്തിന് മുൻവശം സമാപിച്ചു. തുടർന്ന് ഗവർണറുടെ കോലം കത്തിച്ചു.
പ്രതിഷേധ യോഗം ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ജെയിംസ് ശാമുവേൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എസ്. സുരേഷ്കുമാർ, സംസ്ഥാന കമ്മിറ്റി അംഗം സി. ശ്യംകുമാർ, ജില്ല വൈസ് പ്രസിഡന്ററുമാരായ അഡ്വ. ദിനൂപ് വേണു, വി.കെ. സൂരജ്, ജില്ല ജോയന്റ് സെക്രട്ടറി ആർ. അശ്വിൻ, ജില്ലകമ്മിറ്റി അംഗങ്ങളായ ജി. ധനേഷ്കുമാർ, അനുപ്രിയ ദിനൂപ്, കെ.ജെ. ജിസ്മി, സുമേഷ്, ബിനോയ്, സുധീഷ് എന്നിവർ സംസാരിച്ചു. ജില്ലയിലെ 155 മേഖലകളിൽ പ്രതിഷേധപ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.