ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസുകാരനായ ഭർത്താവിന്‍റെ നിരന്തരമുള്ള സ്ത്രീധനപീഡനമെന്ന് റിമാൻഡ് റിപ്പോർട്ട്.
വണ്ടാനം മെഡിക്കൽ കോളജ് പൊലീസ് എയ്ഡ്പോസ്റ്റിലെ സിവിൽ പൊലീസ് ഓഫിസർ ആലപ്പുഴ സക്കറിയ വാർഡ് നവാസ് മൻസിലിൽ റെനീസിന്‍റെ (32) മാനസിക-ശാരീരിക പീഡനങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കണ്ടെത്തൽ. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഈ മാസം 10നാണ് റെനീസിന്റെ ഭാര്യ നജ്ല (27), മകൻ ടിപ്പു സുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ) എന്നിവരെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മക്കളെ കൊന്നശേഷം നജ്ല തൂങ്ങിമരിക്കുകയായിരുന്നു. റെനീസിന്‍റെ പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. 10 വർഷം മുമ്പ് നടന്ന വിവാഹത്തിന് സ്ത്രീധനമായി 40 പവനും 10 ലക്ഷം രൂപയും ബൈക്കും നൽകിയിരുന്നു. ഇതുകൂടാതെ കൂടുതൽ പണം ആവശ്യപ്പെട്ട് നജ്ലയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും റിമാൻഡ് റിപോർട്ടിലുണ്ട്.
റിമാൻഡിലായ റെനീസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.