ജനവാസമേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ മുഴുവൻ അയൽവീട്ടുകാരുടെയും അനുമതി വേണ്ട -ഹൈകോടതി

കൊച്ചി: ജനവാസ മേഖലയിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുമ്പോൾ എല്ലാ അയൽവീട്ടുകാരുടെയും അനുമതി ആവശ്യമില്ലെന്ന്​ ഹൈകോടതി. 2019ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണച്ചട്ട ​പ്രകാരം ടവർ സ്ഥാപിക്കുന്നതിനോട്​ ചേർന്നുകിടക്കുന്ന ഭൂവുടമയുടെ അനുമതി മാത്രം മതി. മുനിസിപ്പാലിറ്റി ബിൽഡിങ്​ ചട്ടത്തിൽ ടെലികമ്യൂണിക്കേഷൻ ടവർ സ്ഥാപിക്കാൻ അകലം ഉൾപ്പെടെ കാര്യങ്ങളിൽ വ്യവസ്ഥകളുണ്ട്. ഇതിലധികം വ്യവസ്ഥകൾ നിശ്ചയിച്ച് സർക്കുലർ ഇറക്കുന്നതും ടവർ നിർമാണം നിയന്ത്രിക്കുന്നതും നിയമപരമല്ലെന്നും ജസ്റ്റിസ്​ ഷാജി പി. ചാലി വ്യക്തമാക്കി. വീടിന്റെ 50 ചതുരശ്രമീറ്റർ പരിധിക്കകത്ത്​ ടവർ സ്ഥാപിക്കാൻ വീട്ടുകാരുടെ അനുമതി വേണമെന്ന തൃശൂർ നഗരസഭ സെക്രട്ടറിയുടെ സർക്കുലർ റദ്ദാക്കിയാണ്​ സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം. 2016 ഫെബ്രുവരി 19ന്​ നഗരസഭ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലർ ചോദ്യം ചെയ്ത് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡാണ്​ കോടതിയെ സമീപിച്ചത്​. കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണച്ചട്ടം 132ൽ ടവർ സ്ഥാപിക്കുന്ന ഭൂമിയോടു തൊട്ടുകിടക്കുന്ന സ്ഥലം ഉടമയുടെ അനുമതി വേണമെന്നല്ലാതെ റെസിഡൻഷ്യൽ സോണുകളിൽ സമീപത്തെ വീട്ടുകാരുടെ അനുവാദം വേണമെന്ന്​ പറയുന്നില്ല. ടെലികോം ടവറുകളുടെ നിർമാണം ഏതു സോണിലും അനുവദനീയമാണെന്നും ചട്ടത്തിൽ വ്യവസ്ഥയുണ്ട്. അതിനാൽ സർക്കുലർ നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്ന്​ വിലയിരുത്തിയാണ്​ റദ്ദാക്കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.