വിപണിയിലെ തിരിച്ചടി കർഷകരെ പിന്തിരിപ്പിക്കുന്നു -മന്ത്രി റോഷി അഗസ്റ്റിൻ

മൂവാറ്റുപുഴ: ഉൽപാദന ചെലവിന് ആനുപാതികമായ വില വിപണിയിൽ തുടർച്ചയായി ലഭിക്കാത്തപ്പോൾ കാർഷികമേഖലയിൽനിന്ന് കർഷകർ പിന്തിരിയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പൈനാപ്പിൾ ഫെസ്റ്റ് വാഴക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡ്​ പ്രതിസന്ധി പൈനാപ്പിൾ കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഉൽപാദനം കൃത്യമായി നടന്നാലും നേരിയ കാലാവസ്ഥ വ്യതിയാനംപോലും കർഷകരെ ദോഷകരമായി ബാധിക്കുകയാണ്. റബർ മേഖലക്ക്​ നഷ്ടം സംഭവിച്ചപ്പോൾ ആവർത്തന കൃഷി ചെയ്യുമ്പോഴത്തെ ഇടവിളയായ പൈനാപ്പിൾ കൃഷിയാണ് അൽപമെങ്കിലും തുണയായതെന്നും മന്ത്രി പറഞ്ഞു. മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ്, മുൻ എം.എൽ.എ എൽദോ എബ്രഹാം, വാഴക്കുളം അഗ്രോ പ്രോസസിങ് കമ്പനി ചെയർമാൻ ജോസ് ടോം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. ജോസ് അഗസ്റ്റ്യന്‍ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന പൈനാപ്പിൾ ശ്രീ അവാർഡ് ജേതാവ് സത്യൻ കല്ലിങ്കലിന് അവാര്‍ഡ് കൈമാറി. സംസ്ഥാനത്തെ മികച്ച കൃഷി ഓഫിസറായി തെരഞ്ഞെടുക്കപ്പെട്ട ആയവന കൃഷി ഓഫിസര്‍ അഞ്ജു പോളിനെ ആദരിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് പൈനാപ്പിൾ പാചകമത്സരം, വിളമത്സരം, കാർഷിക സെമിനാർ എന്നിവയും നടന്നു. ചിത്രം: വാഴക്കുളത്ത് പൈനാപ്പിൾ ഫെസ്റ്റ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു EM Mvpa 4 vazhakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.