രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കണം -കാന്തപുരം

ആലപ്പുഴ: രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കേണ്ടത് എല്ലാ ജനങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ. സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ (എസ്.എസ്.എഫ്) ഗോൾഡൻ ജൂബിലി പ്രഖ്യാപനമായ 'എൻഹാൻസ് ഇന്ത്യ കോൺഫറൻസ്' ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ മതമാണ് ഇസ്​ലാം. ഏതെങ്കിലുമൊരു വ്യക്തിയോ സംഘടനയോ ഭീകരപ്രവർത്തനം നടത്തിയാൽ ഇസ്​ലാമിന്റെ മുഖമുദ്ര ഭീകരതയാണെന്ന് ബുദ്ധിയുള്ളവരാരും പറയുകയില്ല. ആരേയും ആക്രമിക്കാനോ നിർബന്ധിച്ച് ഒപ്പം ചേർക്കാനോ ഇസ്​ലാം ശ്രമിക്കാറില്ല. സ്വാതന്ത്ര്യവും സഹിഷ്ണുതയും മതമൈത്രിയും പുലർത്തിയാണ് ജീവിക്കേണ്ടത്. വർഗീയതയെന്നാൽ ഒരു വിഭാഗം അതിന്റെ ആശയങ്ങളും ആചാരങ്ങളുമനുസരിച്ച് ജീവിക്കുന്നതല്ല. മറ്റൊരു വിഭാഗത്തിൽ അത് അടിച്ചേൽപിക്കുമ്പോഴാണ് വർഗീയതയാകുന്നത്. ഇന്ത്യ എല്ലാ ജനങ്ങളുടേതുമാണ്. മതേതരത്വവും മതസൗഹാർദവും നിലനിർത്തി സ്വന്തം വിശ്വാസത്തിലും ആശയത്തിലും ഉറച്ചുജീവിക്കുകയാണ് വേണ്ടതെന്നും കാന്തപുരം പറഞ്ഞു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വൈ. നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എൻ. ജാഫർ പ്രമേയപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.