കോലഞ്ചേരി ടൗണിൽ 23 മുതൽ ഗതാഗത പരിഷ്കാരം

കോലഞ്ചേരി: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഈ മാസം 23 മുതൽ ടൗണിൽ പരിഷ്കാരങ്ങൾ നടപ്പാക്കും. ഇതിന്‍റെ ഭാഗമായി പുത്തൻകുരിശ് എസ്.എച്ച്.ഒ വിളിച്ചുചേർത്ത യോഗം പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. വറുഗീസ് ഉദ്ഘാടനം ചെയ്തു. പട്ടണത്തിലെ തിരക്ക് ഒഴിവാക്കാൻ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്താനും യോഗം തീരുമാനിച്ചു. കോളജ് ഗേറ്റിന് മുന്നിലുള്ള എറണാകുളം ബസ് സ്റ്റോപ് സൂസൺ മേബിൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും പെരുമ്പാവൂർ ബസ് സ്റ്റോപ് ഗ്രാൻഡ് ഹോട്ടലിന്റെ മുൻവശത്തേക്കും മൂവാറ്റുപുഴ ബസ് സ്റ്റോപ് തിയറ്ററിന് മുൻവശത്തേക്കും മാറ്റും. മെഡിക്കൽ കോളജിന് മുന്നിലുള്ള എറണാകുളം ബസ് സ്റ്റോപ് ഷാജഹാൻ ജ്വല്ലറിയുടെ മുന്നിലേക്ക്​ മാറ്റും. നിലവിൽ ഇവിടെയുള്ള ഓട്ടോ സ്റ്റാൻഡ് പുനഃക്രമീകരിക്കും. മെഡിക്കൽ കോളജ് ജങ്ഷനിലെ മൂവാറ്റുപുഴ ബസ് സ്റ്റോപ് ടാജ് ഹോട്ടലിന് മുൻവശത്തേക്ക്​ മാറ്റാനും തീരുമാനിച്ചു. സൂസൺ മേബിൾ സ്റ്റോപ്പിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ നിലവിലെ ടാക്സി സ്റ്റാൻഡിലേക്ക്​ മാറ്റുന്നതോടൊപ്പം ടാക്സി സ്റ്റാൻഡ് പൂതൃക്ക പഞ്ചായത്തിന്റെ കാർട്ട് സ്റ്റാൻഡിലേക്കും മാറ്റും. ഗതാഗത പരിഷ്കാരങ്ങളെക്കുറിച്ചുള്ള ബോധവത്​കരണം നടത്താൻ ആവശ്യമായ സൈൻ ബോർഡുകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോയ് അംഗങ്ങളായ സംഗീത ഷൈൻ, ജിംമ്സി വർഗീസ്, ടി.വി. രാജൻ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത്​ കെ.എസ്. മാത്യു (വ്യാപാരി വ്യവസായി ഏകോപന സമിതി), പോൾ വെട്ടിക്കാടൻ (വ്യാപാരി സമിതി), ടെൻസിങ് ജോർജ്, സജി കെ. എലിയാസ് (ഹോട്ടൽ ആൻഡ്​ റെസ്റ്റാറന്റ് അസോസിയേഷൻ), പ്രദീപ് അബ്രഹാം, എം.എം. പൗലോസ് (പ്രസ് ക്ലബ് കോലഞ്ചേരി), അനിൽ (ഒട്ടോറിക്ഷ യൂനിയൻ സി.ഐ.ടി.യു), സാജു തോമസ് (ഐ.എൻ.ടി.യു.സി), പത്രോസ് (ടാക്സി യൂനിയൻ), സ്ലീബ പേണാട്ട് (ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ), ജോസ് ചെന്നേക്കാട്ടിൽ, സി.പി. ഏലിയാസ് (റെസിഡന്റ്സ് അസോസിയേഷൻ കോലഞ്ചേരി) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.