ആലുവ: നഗരത്തെ എറണാകുളവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പൈപ്പ്ലൈൻ റോഡ് നവീകരണ പാതയിൽ. പൈപ്പ്ലൈൻ റോഡ് നവീകരണം പൂർത്തിയായാൽ ആലുവ-പാലാരിവട്ടം യാത്ര എളുപ്പമാകും.
ആലുവ ജലശുചീകരണ ശാലയിൽനിന്ന് വലിയ പൈപ്പുകൾ കടന്നുപോകുന്ന റോഡാണിത്. ഇതിലൂടെ ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും. എന്നാൽ, റോഡ് പലഭാഗത്തും കാലങ്ങളായി തകർന്നുകിടക്കുകയാണ്. സാങ്കേതികത്തകരാർ മൂലമാണ് അറ്റകുറ്റപ്പണികൾ സാധ്യമാകാതിരുന്നത്.
നിലവിൽ പട്ടേരിപ്പുറം മുതൽ കുന്നത്തേരി ഷാപ്പുംപടി വരെ റോഡ് നവീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ ഭാഗത്ത് ഒരുകോടി രൂപ ചെലവിൽ ഇന്റർലോക്കിങ് ടൈൽ വിരിക്കുന്നതിന് സർക്കാർ പ്രത്യേകാനുമതി നൽകിയതായി അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
എം.എൽ.എ ധനമന്ത്രിക്ക് കത്തെഴുതിയതിനെത്തുടർന്നാണ് പട്ടേരിപ്പുറം മുതൽ കുന്നത്തേരി ഷാപ്പുംപടി വരെയുള്ള ഭാഗവും സെന്റ് അൽഫോൻസ റോഡും (ഹഡ്കോ റോഡ്) ടൈൽ വിരിക്കാൻ നിയമഭേദഗതി വരുത്തി പ്രത്യേകാനുമതി നൽകിയത്.
എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 99.99 ലക്ഷം രൂപ അനുവദിക്കാൻ കലക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്ന മുറക്ക് ടെൻഡർ നടപടികൾ പൂർത്തീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. പൈപ്പ്ലൈൻ റോഡിന്റെ വാട്ടർ അതോറിറ്റി ഓഫിസ് മുതൽ പട്ടേരിപ്പുറം വരെ ആസ്തിവികസന ഫണ്ടിൽനിന്ന് 1.19 കോടി രൂപ ചെലവിട്ട് ഇന്റർലോക്കിങ് ടൈൽ വിരിക്കുന്നത് പൂർത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.