ആലുവ: അങ്കമാലി കഞ്ചാവ് കേസിലെ രണ്ടാംപ്രതിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയുമായി റൂറൽ ജില്ല പൊലീസ്. തൊടുപുഴ പെരുമ്പിള്ളിച്ചിറ ചെളിക്കണ്ടത്തിൽ നിസാർ (37) ഭാര്യയുടെ പേരിൽ വാങ്ങിയ അഞ്ചുസെൻറ് സ്ഥലമാണ് കണ്ടുകെട്ടുന്നത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക് നടത്തിയ അന്വേഷണത്തിൽ ഈ സ്ഥലം കഞ്ചാവ് വിൽപനയിലൂടെ നിയമവിരുദ്ധമായി നേടിയ പണംകൊണ്ട് വാങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് എം.ഡി.പി.എസ് ചട്ടം 68 (ഇ) പ്രകാരം നടപടി സ്വീകരിച്ചു. സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് രേഖകൾ ശേഖരിച്ച് നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയിൽ ഇവർ അപ്പീൽ നൽകിയെങ്കിലും അത് ചെന്നൈയിലുള്ള ഇതുമായി ബന്ധപെട്ട ഓഫിസ് തള്ളുകയായിരുന്നു. ജില്ലയിൽ ആദ്യമായാണ് നിയമവിരുദ്ധ പ്രവർത്തനം നടത്തി സമ്പാദിച്ച വസ്തു കണ്ടുകെട്ടുന്നത്.
കഴിഞ്ഞ നവംബറിലാണ് ആന്ധ്രയിൽനിന്ന് ആഢംബര കാറിൽ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലിയിൽ പൊലീസ് പിടികൂടിയത്. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. കേരളത്തിലെ പ്രധാന കഞ്ചാവുകടത്ത് സംഘമായ ഇവർ പലപ്പോഴായി ആയിരക്കണക്കിന് കിലോ കഞ്ചാവാണ് ഇടുക്കിയിലെത്തിച്ച് വിൽപന നടത്തിയിരുന്നത്.
ഇവർക്ക് കഞ്ചാവ് നൽകുന്ന ആന്ധ്ര സ്വദേശിയുൾെപ്പടെ പത്തോളം പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്.പി കെ. കാർത്തിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.