ആലുവ: പരസ്പര സ്നേഹത്തിന്റെയും സേവനത്തിന്റെയും പാഠങ്ങൾ പകർന്നുനൽകുകയാണ് ചാലക്കൽ അമൽ പബ്ലിക് സ്കൂൾ. മനുഷ്യത്വ ബോധവും പൗര ഉത്തരവാദിത്തവും കുഞ്ഞുമനസ്സുകളിൽ വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ സാമൂഹിക സേവന മേഖലകളിൽ കുട്ടികളെ പങ്കാളികളാക്കി വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിവരുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ, പരിസ്ഥിതി അവബോധം, വായന തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന പ്രമേയങ്ങൾ തെരഞ്ഞെടുത്താണ് ഓരോ വർഷവും പ്രവർത്തനങ്ങൾ. പരിസ്ഥിതി സംരക്ഷണവും പുനരുപയോഗത്തിന്റെ ആവശ്യകതയും വിളിച്ചോതി ഉപയോഗിച്ചുതീർന്ന പേനകൾ വിദ്യാർഥികൾ ശേഖരിച്ച് ഹരിത കർമ സേനക്ക് കൈമാറുകയാണ് പതിവ്.
വായനയുടെ മൂല്യം നാടറിയുന്നതിനായി മാസം തോറും തെരഞ്ഞെടുക്കപ്പെട്ട കവലകളിൽ പുസ്തകവണ്ടിയുമായി അവർ എത്തും. കൂടാതെ കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ചേർത്തുവച്ച് കിടപ്പു രോഗികൾക്കായി ‘പുസ്തകത്തട്ട്’ തയാറാക്കുന്നു. ജീവിതം വഴിമുട്ടി നിൽക്കുന്ന രോഗികൾക്ക് പുസ്തകങ്ങൾ നൽകുന്നതാണ് പദ്ധതി. ആലുവ ജില്ല ആശുപത്രിയിൽ സ്ഥാപിച്ച ‘പുസ്തകത്തട്ട്’ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ പ്രയോജനകരമാണ്. ‘ഹൃദയപൂർവം’ പദ്ധതിയുടെ ഭാഗമായി കോതമംഗലം പീസ് വാലിയിലെ അനാഥർക്കും അശരണർക്കും മാസത്തിലൊരിക്കൽ ഈ കുരുന്നുകൾ ശേഖരിച്ചു നൽകുന്നത് 700ൽ പരം പൊതിച്ചോറുകളാണ്. ലോക ഭക്ഷ്യ ദിനത്തിൽ കർഷകരെ ആദരിച്ചും ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ ’നാട്ടുവിപണി’ സംഘടിപ്പിച്ചും ഇവർ പുതുതലമുറക്ക് മാതൃകയായി. സ്കൂൾ വളപ്പിൽ കപ്പയും വാഴയും പച്ചക്കറികളും കൃഷിചെയ്തും നാട്ടിലെ കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ചും സ്കൂളിലെ കുട്ടിക്കർഷകർ മണ്ണിനെ ഹൃദയത്തോട് ചേർക്കുന്നു.
പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്ത് നിർധനരായ ആദിവാസിക്കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് നൽകുന്നുമുണ്ട്. ലഹരിയെന്ന മഹാ വിപത്തിനെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചും അമലിന്റെ കുട്ടികൾ വ്യത്യസ്തരായി. നന്മയുടെ ഈ വിജയയാത്രയിൽ സ്കൂൾ പ്രിൻസിപ്പൽ ശാലിനി പള്ളിക്കൽ, വൈസ് പ്രിൻസിപ്പൽ ഫെബിന സുൽഫിക്കർ, പ്രധാനാധ്യാപിക ലാമിയ ഹസൻ, മാനേജ്മെന്റ് പ്രതിനിധികൾ, പി.ടി.എ, അധ്യാപകർ, അനധ്യാപകർ രക്ഷാകർത്താക്കൾ എല്ലാവരും പിന്തുണയുമായി കുട്ടികൾക്കൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.