ആലുവ: കോൺഗ്രസിലെ ജെബി മേത്തർ ഹിശാം എം.പിയായതിനെ തുടർന്ന് സ്ഥാനം രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന നഗരസഭ വൈസ് ചെയർപേഴ്സൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് മേയ് അഞ്ചിന് നടക്കും. ഭൂരിപക്ഷം കുറവാണെങ്കിലും പ്രതിപക്ഷം പല ചേരികളിലായതിനാൽ വൈസ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിന് തന്നെ ലഭിക്കും. എന്നാൽ, ഇതുവരെ സ്ഥാനാർഥിയെ തീരുമാനിക്കാൻ നേതൃത്വത്തിനായിട്ടില്ല.
ജെബി മേത്തർ എം.പിയാകുമെന്ന സൂചന വന്നപ്പോൾ മുതൽ കോൺഗ്രസിൽ വൈസ് ചെയർപേഴ്സൻ സ്ഥാനത്തിനായി പലരും നീക്കം ആരംഭിച്ചിരുന്നു. നിലവിൽ എ - ഐ ഗ്രൂപ്പുകളുടെ ചരടുവലികൾ ശക്തമായിട്ടുണ്ട്. ഇതിനിടെ ഏപ്രിൽ 30ന് രാവിലെ ഒമ്പതിന് ആലുവ പാലസിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പിൽനിന്ന് ലിസ ജോൺസനും എ ഗ്രൂപ്പിൽ നിന്നും സൈജി ജോളിയുമാണ് വൈസ് ചെയർപേഴ്സൻ സ്ഥാനത്തിനായി രംഗത്തുള്ളത്.
ജെബി രാജിവെച്ച ധനകാര്യ സ്ഥിരം സമിതിയിലെ അംഗമാണ് ലിസ ജോൺസൺ. സൈജി ജോളി പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയാണ്. ഇരുവരും രണ്ടാം വട്ടമാണ് കൗൺസിലിലെത്തുന്നത്. കോൺഗ്രസിലെ മറ്റ് വനിതകളെല്ലാം പുതുമുഖങ്ങളാണ്. 26 അംഗ കൗൺസിലിൽ നിലവിൽ 25 അംഗങ്ങളാണുള്ളത്. കോൺഗ്രസ് 13, എൽ.ഡി.എഫ് ഏഴ്, ബി.ജെ.പി നാല്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.