ഫീഡർ സർവീസിൻറെ ഭാഗമായി യാത്രക്കാർക്ക് കാത്തിരിക്കാനായി ആധുനിക സൗകര്യങ്ങളോടുകൂടിയ കാത്തിരിപ്പു കേന്ദ്രം

ദീർഘ ദൂര ബസുകളിലെ യാത്രക്കാർക്ക് ആശ്വാസമായി ഫീഡർ ബസ് സർവീസ് ആരംഭിച്ചു

ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കയറാതെ പോകുന്ന ദീർഘദൂര ബസിലെ യാത്രക്കാർക്ക് ഫീഡർ ബസുകൾ ആരംഭിച്ചു. ദീർഘദൂര ബസുകളിലെ യാത്രക്കാർക്ക് വളരെ ആശ്വാസമേകുന്നതാണ് പദ്ധതി. ഭൂരിഭാഗം ബസുകളും ആലുവ സ്‌റ്റാൻഡിൽ കയറാതെ പോകുന്നവയാണ്. അതിനാൽ തന്നെ യാത്രക്കാർ ബൈപാസിൽ ഇറങ്ങി മറ്റു മാർഗങ്ങൾ സ്വീകരിക്കണമായിരുന്നു. പുതിയ സംവിധാനത്തോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.

ബൈപാസിലൂടെ കടന്നുപോകുന്ന ദീർഘദൂര ബസുകളിൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഫീഡർ ബസുകളിൽ നഗരത്തിനകത്തേക്കുള്ള യാത്ര സൗജന്യമായിരിക്കും. മറ്റുള്ളവർ ടിക്കറ്റ് എടുക്കണം. ഫീഡർ സർവീസിന്‍റെ ഭാഗമായി യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ കാത്തിരിപ്പു കേന്ദ്രവും ബൈപ്പാസിൽ സജ്ജമാക്കിയിട്ടുണ്ട്. പഴയ ജൻറം ബസിനെയാണ് ട്രാഫിക് സിഗ്നൽ കേന്ദ്രത്തിന് താഴെ തയാറാക്കിയിരിക്കുന്നത്. ഫീഡർ സ്റ്റേഷനായി ഉപയോഗശൂന്യമായ കെ.എസ്.ആർ.ആർ.ടി.സി ബസ് പ്രവർത്തിക്കും. പ്രത്യേക നിറം നൽകിയാണ് ബസ് സജ്ജമാക്കിയിരിക്കുന്നത്. ഫാനും ലൈറ്റും ബസുകളിൽ പ്രവർത്തിക്കും. ട്രാഫിക് കേന്ദ്രത്തിൽ നിന്നാണ് ഫീഡർ സ്റ്റേഷനിലേക്ക് വൈദ്യുതി ബന്ധം എടുത്തിരിക്കുന്നത്.

നിലവിൽ മെട്രോ സ്റ്റേഷന് സമീപം ബൈപ്പാസ് പാലത്തിലാണ് മഴയും വെയിലുമേറ്റ് ദീർഘദൂര യാത്രക്കാർ കാത്തു നിൽക്കുന്നത്. രാത്രിയായാൽ യാതൊരു സുരക്ഷയുമില്ല. ഫീഡർ സ്റ്റേഷനിൽ മഴ ഏൽക്കാതെ കാത്തു നിൽക്കാം. ട്രാഫിക് കൺട്രോൾ യൂണിറ്റിനോട് ചേർന്ന് കാത്തിരിപ്പ് കേന്ദ്രം സജ്ജീകരിച്ചതിനാൽ ട്രാഫിക് പോലീസിന്‍റെ മേൽനോട്ടവും ഉണ്ടാകും. വൈറ്റിലക്ക് പുറമേ ആലുവ മെട്രോ സ്‌റ്റേഷന് സമീപമാണ് ദേശീയപാത വഴിയുള്ള ബൈപാസ് റൈഡർ സർവീസിന് ജില്ലയിൽ സ്‌റ്റോപ്പുള്ളത്.

ടൗണുകൾക്ക് അകത്തുള്ള കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡുകളിൽ കയറാതെ ബൈപാസ് വഴി സർവീസ് നടത്തുമ്പോൾ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട് 10 മണിക്കൂറുകൊണ്ട് എത്തുമെന്നാണ് പരീക്ഷണ യാത്രയിൽ കണ്ടെത്തിയത്. ബൈപാസ് വഴി പോകുന്ന ദീർഘദൂര ബസുകളുടേയും നഗരത്തിലേക്ക് സൗജന്യ യാത്ര നൽക്കുന്ന ഫീഡർ ബസുകളുടെയും തൽസമയ വിവരങ്ങൾ കെ.എസ്.ആർ.ടി.സി ആപ്പിൽ ലഭ്യമാക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - Feeder bus service started in Aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.