ആലുവ: ഇന്ധന ടാങ്കറുകൾ സീപോർട്ട് - എയർപോർട്ട് റോഡിൽ പാർക്ക് ചെയ്യുന്നതുമൂലമുണ്ടാകുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട പരാതിയിൽ മനുഷ്യാവകാശ കമീഷൻ ഇന്ധന കമ്പനികളോടും ജില്ല കലക്ടറോടും വിശദീകരണം തേടി. ടെക്കിയും പ്രഫഷണൽ കോൺഗ്രസ് നേതാവുമായ എൽദോ ചിറക്കലാണ് ഇതുമായി ബന്ധപ്പെട്ട് കമീഷനെ സമീപിച്ചിരുന്നത്. ടാങ്കറുകൾ അപകടകരമാകുന്ന വിധം പാർക്ക് ചെയ്യുന്നത് ഒരുപാട് അപകടങ്ങൾക്കും ജീവനുകൾ നഷ്ടപ്പെടുന്നതിനും കാരണമായിട്ടുണ്ടെന്ന് എൽദോ പരാതിയിൽ ആരോപിച്ചിരുന്നു. ഒരാഴ്ചയിൽ മൂന്നോളം ജീവനുകൾ നഷ്ടമായ സാഹചര്യം പോലും ഇവിടെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു വർഷത്തെ ഇവിടെ നടന്നിട്ടുള്ള അപകടങ്ങളും അതിൽ പൊലിഞ്ഞിട്ടുള്ള ജീവനുകളെയും കണക്കെടുത്താൽ ഞെട്ടിപ്പിക്കുന്നതാണ്. ഒരുപാട് പരാതികളും പ്രതിഷേധങ്ങളും നടന്നിട്ടും ഇതുവരെ ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. കൊച്ചി ഇൻഫോപാർക്കിൽ ജോലി ചെയ്തിരുന്ന രണ്ട് യുവാക്കൾ വ്യത്യസ്ത സമയങ്ങളിൽ ഇവിടെ അപകടത്തിൽ മരണപ്പെട്ടതാണ് അദ്ദേഹത്തെ ഇതിനെതിരെയുള്ള പ്രതിഷേധത്തിലേക്ക് എത്തിച്ചത്. മുൻപ് നൽകിയ പരാതിയെ തുടർന്ന്, മനുഷ്യാവകാശ കമീഷൻറെ നിർദ്ദേശപ്രകാരം ടാങ്കർ ലോറികൾ ഏറ്റവും കൂടുതൽ പാർക്ക് ചെയ്യുന്ന ഇരുമ്പനം ഭാഗത്ത് റോഡിൻറെ രണ്ടുവശങ്ങളിലും വലിയ മയിൽക്കുറ്റികൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഈ മയിൽ കുറ്റികൾക്ക് ശേഷം റോഡിലേക്ക് കൂടുതൽ കടത്തിയും റോഡിൻറെ മയിൽ കുറ്റികൾ സ്ഥാപിക്കാത്ത മറ്റു ഭാഗങ്ങൾ കയ്യേറിയും ഒരുപാട് ഇന്ധന ടാങ്കറുകളാണ് എഥനോൾ ഉൾപ്പെടെ വലിയ അപകടകരമായ വാതകങ്ങൾ നിറച്ച് പാർക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. ട്രാഫിക് പൊലീസ് വകുപ്പിനോട് ഇവിടത്തെ സാഹചര്യം മനസ്സിലാക്കി നടപടിയെടുക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നെങ്കിലും അവരുടെ ഭാഗത്തുനിന്നും യാതൊരു അനക്കവുമുണ്ടായില്ലത്രെ. ഇതേ തുടർന്നാണ് വീണ്ടും പരാതി നൽകിയത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഡ്രൈവർമാരോടും ഉടമകളോടും സംസാരിക്കുമ്പോൾ, ഇന്ധന കമ്പനികൾ അവർക്ക് പാർക്കിങ്ങിനുള്ള ഒരു സൗകര്യവും ചെയ്തുതരുന്നില്ലെന്നാണ് പറയുന്നതെന്നും എൽദോ ആരോപിക്കുന്നു. പരാതിയെ തുടർന്ന് ചൊവ്വാഴ്ച്ച ആലുവ പാലസിൽ നടന്ന കമീഷൻ സിറ്റിങിൽ എൽദോയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ കമീഷൻ ചോദിച്ചു മനസ്സിലാക്കി. ഇതേ തുടർന്നാണ് കമീഷൻ ഒരു ഇടക്കാല ഉത്തരവിലൂടെ ഇന്ധന കമ്പനികളോടും കലക്ടറോടും എത്രയും പെട്ടെന്ന് അവിടുത്തെ കാര്യങ്ങൾ മനസിലാക്കി എന്ത് ചെയ്യാൻ സാധിക്കുമെന്ന് അറിയിക്കുന്നതിന് നിർദ്ദേശം നൽകിയത്. അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടിയുണ്ടായില്ലെങ്കിൽ കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകുമെന്നും കൂടുതൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും എൽദോ പറഞ്ഞു.
ക്യാപ്‌ഷൻ er yas2 parking സീപോർട്ട് - എയർപോർട്ട് റോഡിൽ അപകടകരമായ രീതിയിൽ പാർക്ക് ചെയ്തിരിക്കുന്ന ഇന്ധന ടാങ്കറുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.