ആലുവ: സംസ്ഥാനതലത്തിൽ തന്നെ യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നാം നിരയിലാണ് ആലുവ നിയമസഭ മണ്ഡലം. പെരിയാർ തീരത്തെ വലതുകോട്ടയെന്ന് തന്നെ ആലുവയെ വിശേഷിപ്പിക്കാം. അതിനാൽ ഇവിടെ വിള്ളലുണ്ടാക്കാൻ ഇടതുപക്ഷം ശക്തമായി പൊരുതേണ്ടി വരും. മുൻ കാലങ്ങളിൽ ഉൾപ്പോരിൽ മാത്രമാണ് യു.ഡി.എഫിന് അടിപതറിയത്. അങ്ങനെ നിയമസഭയിലേക്ക് മൂന്നുതവണ ഇടതുപക്ഷം ജയിച്ചതൊഴിച്ചാൽ കാര്യമായ നഷ്ടമൊന്നും യു.ഡി.എഫിന് ഉണ്ടായിട്ടില്ല.
ചാലക്കുടി ലോക്സഭ മണ്ഡലം രൂപവത്കൃതമായ ശേഷം നടന്ന രണ്ടാമത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്നസെന്റ് ജയിച്ചതും കോൺഗ്രസിലെ പ്രശ്നങ്ങൾകൊണ്ടുമാത്രമാണ്.
പഴയ മണ്ഡലത്തിൽ കോൺഗ്രസിന്റെ ഉറച്ചകേന്ദ്രമായിരുന്ന വരാപ്പുഴ ഒഴിവായപ്പോൾ പകരം വന്ന ചെങ്ങമനാട്, കാഞ്ഞൂർ, ശ്രീമൂലനഗരം എന്നിവ കൂടുതൽ കരുത്തേകുന്നതായിരുന്നു. കീഴ്മാട്, നെടുമ്പാശ്ശേരി പഞ്ചായത്തുകളാണ് ഇടതിന്റെ ശക്തികേന്ദ്രങ്ങൾ. കോൺഗ്രസിനും മുസ്ലിംലീഗിനും ശക്തിയുണ്ടായിട്ടും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എടത്തലയിൽ എൽ.ഡി.എഫിന് ഭരണം ലഭിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഭരണവും കോൺഗ്രസിന് നഷ്ടമായി. നിയമസഭ തെരഞ്ഞെടുപ്പിൽ 1967ൽ എം.കെ.എ. ഹമീദാണ് ഇടത് സ്വതന്ത്രനായി ജയിച്ച് കോൺഗ്രസിന് ആദ്യമായി ആഘാതമുണ്ടാക്കിയത്.
1980ൽ കോൺഗ്രസ് എ വിഭാഗം ഇടതുപക്ഷത്തിനൊപ്പം ചേർന്നപ്പോൾ അവരുടെ സ്ഥാനാർഥിയായിരുന്ന കെ. മുഹമ്മദാലി ഐ ഗ്രൂപ് സ്ഥാനാർഥിയായിരുന്ന ടി.എച്ച്. മുസ്തഫയെ പരാജയപ്പെടുത്തി. 2006ൽ എ.എം. യൂസഫാണ് സി.പി.എം പ്രതിനിധിയായി വിജയിച്ച് ചരിത്രം കുറിച്ചത്.
തുടർച്ചയായ ഏഴാം തവണ തെരഞ്ഞെടുപ്പിനെ നേരിട്ട, അതുവരെ തോൽവിയെന്തെന്നറിഞ്ഞിട്ടില്ലാത്ത കെ. മുഹമ്മദാലിയെയാണ് അദ്ദേഹം മലർത്തിയടിച്ചത്. 1980 മുതൽ 2005വരെ ആലുവയുടെ പ്രതിനിധിയായിരുന്ന കെ. മുഹമ്മദാലി എ ഗ്രൂപ്പുകാരനായിരുന്നു.
ഈ വിഭാഗത്തിനു തന്നെയായിരുന്നു മണ്ഡലത്തിൽ എക്കാലത്തും സ്വാധീനം. എന്നാൽ, ഗ്രൂപ്പിൽ തന്നെയുണ്ടായ പ്രശ്നങ്ങളാണ് മുഹമ്മദാലിയെ വീഴ്ത്തിയത്. 2011ൽ മണ്ഡലം ഐ ഗ്രൂപ്പിന് ലഭിച്ചു. തുടർന്ന് സ്ഥാനാർഥിയായ അൻവർ സാദത്തിന് തുടർച്ചയായ രണ്ട് തെരഞ്ഞെടുപ്പിലും വൻ വിജയം നേടാൻ കഴിഞ്ഞു.
സിറ്റിങ് എം.പി ബെന്നി ബഹനാന്റെ വികസനപ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് യു.ഡി.എഫ് പ്രചാരണം. എന്നാൽ, ഇന്നസെന്റിനുശേഷം കാര്യമായ വികസനമൊന്നും നടപ്പായിട്ടില്ലെന്നാണ് എൽ.ഡി.എഫ് ആരോപണം. ബി.ജെ.പിക്ക് മണ്ഡലത്തിൽ കാര്യമായ വേരോട്ടമില്ല. എങ്കിലും ആലുവ നഗരസഭയടക്കം തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചില വാർഡുകളിൽ അവർക്ക് വിജയിക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.