ന്യൂഡല്‍ഹി: ആലുവ മണപ്പുറത്തെ എക്സിബിഷന് നടത്തിപ്പ് ഷാസ് എന്റര്ടെയ്ൻമെന്റ് കമ്പനിക്കു നല്കി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ചൊവ്വാഴ്ച വൈകുന്നേരത്തിനകം നടപ്പാക്കിയില്ലെങ്കില്‍ മുനിസിപ്പല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. എക്സിബിഷന് നടത്താനുള്ള കൂടിയ കരാര്‍ തുക വാഗ്ദാനം ചെയ്ത ഷാസ് എന്റര്ടെയ്ൻമെന്റ് കമ്പനി കോടതിവിധിയുടെ അടിസ്ഥാനത്തിൽ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും മുനിസിപ്പാലിറ്റി സ്റ്റോപ് മെമ്മോ നല്‍കിയതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുനിസിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ ഉത്തരവാദപ്പെട്ടവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകിയത്. കമ്പനിക്ക് കരാര്‍ പ്രകാരമുള്ള മറ്റു നടപടികളുമായി മുന്നോട്ടുപോകാന്‍ സൗകര്യമൊരുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
എക്സിബിഷനുള്ള കരാര്‍ ഫണ്‍ വേള്‍ഡ് എന്ന സ്ഥാപനത്തിന് നല്‍കാനായിരുന്നു ഹൈകോടതി ഡിവിഷന് ബെഞ്ച് ഉത്തരവ്. ഇതിനെതിരെ ഷാസ് എന്റര്ടെയ്ൻമെന്റ് നല്കിയ ഹരജിയിലാണ് ഹൈകോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് നേരത്തെ ഷാസിന് അനുകൂലമായ സിംഗിൾ ബെഞ്ച് വിധി നിലനിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.