ആലുവ: നവീകരിച്ച ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടന പോസ്റ്ററിനെ ചൊല്ലി എം.എൽ.എ - സി.പി.എം പോര്. നോട്ടീസിലും പ്രചാരണ ബോർഡുകളിലും മുഖ്യമന്ത്രിയെയും മന്ത്രിമാരായ പി. രാജീവിനെയും മുഹമ്മദ് റിയാസിനെയും ഒഴിവാക്കിയതായാണ് സി.പി.എം ആരോപണം.
സർക്കാർ ഫണ്ടായ 14.53 കോടി ഉപയോഗിച്ചാണ് സ്റ്റാൻഡ് നവീകരിച്ചത്. എം.എൽ.എ ആസ്തി വികസനഫണ്ടിൽ നിന്ന് 8.64 കോടിയും കെ.എസ്.ആർ.ടി.സിയുടെ തനത് ഫണ്ടിൽ നിന്ന് 5.89 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ശനിയാഴ്ച സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുന്നത്.
സർക്കാർ പദ്ധതിയിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. വി.സലിം പറഞ്ഞു. 2020 ജനുവരി 28ന് അന്നത്തെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് ശിലയിട്ടത്. ഒരുവർഷം കൊണ്ട് സ്റ്റാൻഡ് നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു എം.എൽ.എയുടെ വാഗ്ദാനം.
എന്നാൽ, മാസ്റ്റർ പ്ലാൻ തയാറാക്കാതെയും ദീർഘവീക്ഷണമില്ലാതെയും നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീണ്ടു. 2018ൽ നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചതോടെ ആലുവ ഡിപ്പോക്ക് ലഭിച്ചിരുന്ന വരുമാനവും നിലച്ചു. കോടികളുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായതെന്നും സലിം പറഞ്ഞു.
എന്നാൽ പോസ്റ്ററിൽ ഒരു രാഷ്ട്രീയ വിവേചനവുമുണ്ടായിട്ടില്ലെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. ബെന്നി ബഹനാനും ജെബി മേത്തറും എം.ഒ. ജോണും പങ്കെടുക്കുന്നത് ജനപ്രതിനിധികളെന്ന നിലയിലാണെന്ന്. രണ്ട് പേർ എം.പിമാരും ഒരാൾ നഗരസഭ ചെയർമാനുമാണ്. ഉദ്ഘാടനം ചെയ്യുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാർ കോൺഗ്രസുകാരനല്ലെന്നും എം.എൽ.എപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.