കടുങ്ങല്ലൂർ: ഓഞ്ഞിത്തോട് സംരക്ഷണ പദ്ധതി പാതിവഴിയിയിൽ നിലച്ചു. കൈയേറ്റം കണ്ടെത്താനുള്ള സർവേ മുടങ്ങിയതും കൈയേറ്റം പൂർണമായി ഒഴിപ്പിക്കാൻ അധികൃതർ തയാറാകാത്തതുമാണ് പ്രതിസന്ധിയായിരിക്കുന്നത്.
കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ പ്രധാന കുടിവെള്ള സ്രോതസ്സാണ് ഓഞ്ഞിത്തോട്. പതിറ്റാണ്ടുകളായി ജലാശയം നാശത്തിന്റെ വക്കിലാണ്. കൈയേറ്റവും മാലിന്യവുംമൂലം ഒഴുക്കുനിലച്ച തോട് പായലും കാടും നിറഞ്ഞ് നിശ്ചലമായ അവസ്ഥയിലാണ്. തോട് വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് സർവേ ആരംഭിച്ചത്. സർവേയിൽ പല ഭാഗത്തും കൈയേറ്റം കണ്ടെത്തിയിരുന്നു. കടുങ്ങല്ലൂരിൽ 31ഉം ആലങ്ങാട് 33 കൈയേറ്റവുമാണ് കണ്ടെത്തിയത്. ഇതേതുടർന്ന് ഈ ഭാഗങ്ങളിൽ സർവേക്കല്ലുകൾ സ്ഥാപിച്ചു.
കല്ലുകൾ ഇനി ഏതാനും ഭാഗത്തുകൂടി സ്ഥാപിക്കാനുമുണ്ട്. ഇതേതുടർന്ന് സംരക്ഷണ സമിതി പ്രവർത്തകർ മൂന്ന് തവണ സെക്രട്ടറി, പ്രസിഡന്റ്, അസി. എൻജിനീയർ എന്നിവരെ കണ്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അധികൃതർ പദ്ധതി ടെൻഡർ ചെയ്യുന്നതിൽ കാലതാമസം വരുത്തുകയാണെന്നാണ് ആക്ഷേപം.
കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകൾ തോട് സംരക്ഷണത്തിന് 25 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. 2022-23 വർഷത്തിലെ ബജറ്റിൽ ഓഞ്ഞിത്തോട് സമഗ്ര വികസന പദ്ധതി ജലസംരക്ഷണം എന്ന പേരിലാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഇതിനാവശ്യമായ നടപടിയെടുക്കാൻ ഇരുപഞ്ചായത്തും തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. ഓഞ്ഞിത്തോട് വികസനത്തിന് 1998ൽ ഏലൂക്കരയിൽ കടുങ്ങല്ലൂർ പഞ്ചായത്ത് വാങ്ങിയ സ്ഥലം 2023ൽ വീണ്ടും അളന്നപ്പോൾ കുറവ് കണ്ടെത്തിയിട്ടുണ്ട്. ഇത് വീണ്ടെടുക്കാൻ പറവൂർ തഹസിൽദാർ പഞ്ചായത്തിന് കത്ത് നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. സർവേ നിർത്തിവെച്ചതിനെതിരെ ഓഞ്ഞിപ്പുഴ സംരക്ഷണ സമിതി വീണ്ടും നിയമയുദ്ധത്തിനൊരുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.