ആലുവ: ജൽജീവൻ പദ്ധതിയുടെ പൈപ്പിടൽ ഇഴയുന്നതിനാൽ ആലുവ-മൂന്നാർ ദേശസാൽകൃത റോഡിന്റെ ശോചനീയാവസ്ഥ തുടരുന്നു. മാസങ്ങളായി ആരംഭിച്ച പണികൾ മൂലം യാത്രക്കാരും നാട്ടുകാരും ദുരിതം അനുഭവിക്കുകയാണ്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.പൈപ്പിടലിന്റെ ഭാഗമായി റോഡിന്റെ പല ഭാഗത്തായി വട്ടംകീറി മുറിച്ചിരിക്കുകയാണ്. ഈ ഭാഗങ്ങളിൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. മഹിളാലയം കവലയിലും കുട്ടമശ്ശേരി എസ്.ബി.ഐക്ക് മുന്നിലും ചാലയ്ക്കൽ പെരിയാർ പോട്ടറീസ് കവലയിലും റോഡ് വട്ടം മുറിച്ച് വലിയ തോടുകൾ എടുത്തിട്ടുണ്ട്. ഇവിടെയെല്ലാം ശരിയായ രീതിയിൽ മണ്ണിടാത്തതിനാൽ വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴികളിൽ വീഴുന്ന അവസ്ഥയാണ്.
ചാലയ്ക്കൽ പകലോമറ്റം മുതൽ തോട്ടുമുഖം വരെയുള്ള ഭാഗങ്ങളിലാണ് ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തികൾ നടക്കുന്നത്. പൈപ്പിടൽ ജോലികൾ വൈകുന്നതിനാൽ പകലോമറ്റം മുതൽ ആലുവ വരെയുള്ള റോഡ് ടാറിങ് ജോലികളും നീളുകയാണ്. തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനവും നൽകി. മൂലമ്പിള്ളി കോഓഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനറും കെ റെയിൽ വിരുദ്ധ സമര സമിതിയുടെ ഭാരവാഹിയുമായ പ്രഫ. ഫ്രാൻസീസ് കളത്തുങ്കൽ ധർണ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി കൺവീനർ ഇസ്മായിൽ ചെന്താര അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.