കീഴ്മാട്: എടയപ്പുറത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന വിവാദ കാർബൺ പേപ്പർ കമ്പനിയുടെ പ്രവർത്തനം വീണ്ടും ജനകീയ സമിതി തടഞ്ഞു. പഞ്ചായത്തിന്‍റെയോ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയോ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കമ്പനി കഴിഞ്ഞ ദിവസം ജനകീയ സമിതി ഉപരോധിച്ചിരുന്നു.
ഇതേതുടർന്ന് താൽക്കാലികമായി അടച്ച കമ്പനിയാണ് ബുധനാഴ്ച വീണ്ടും അനുവാദമില്ലാതെ തുറന്ന് പ്രവർത്തിച്ചതെന്ന് സമിതി പ്രസിഡൻറ് സി.എസ്. അജിതൻ, സെകട്ടറി എം.എം. അബ്ദുൽ അസീസ് എന്നിവർ പറഞ്ഞു.
നിലവിൽ ജനവാസ കേന്ദ്രത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഇവിടെ നിന്നുള്ള ദുർഗന്ധം സമീപ വാസികൾക്ക് ദുരിതമാണെന്ന് സമരക്കാർ ആരോപിക്കുന്നു. അതിനാൽ തന്നെ കമ്പനിയുടെ പ്രവർത്തനം വ്യവസായ മേഖലയിലേക്ക് മാറ്റണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
എടത്തല സി.ഐ നോബിളിൻറെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ പരിശോധന നടക്കുന്നതുവരെ രണ്ടാഴ്ചത്തേക്ക് കമ്പനി തുറക്കുകയില്ലെന്ന് ഉടമ കെ.എ. ബഷീർ സമ്മതിച്ചതിനേത്തുടർന്നാണ് തങ്ങൾ സമരം അവസാനിപ്പിച്ചതെന്ന് സമരക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.