ആലുവ: സീപോർട്ട് - എയർപോർട്ട് റോഡ് രണ്ടാംഘട്ട നിർമാണത്തിന് ഭൂമി ഏറ്റെടുക്കാൻ അനുവദിച്ച ഫണ്ട് അപര്യാപ്തമെന്ന് ആക്ഷേപം. ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനും പദ്ധതി യാഥാർഥ്യമാകാനും ഇത് മതിയാകില്ല. രണ്ടാംഘട്ടമായ എൻ.എ.ഡി മുതൽ മഹിളാലയം വരെ ഭാഗത്തെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്. നിലവിൽ പദ്ധതിക്കായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് കിഫ്ബിയിൽനിന്ന് അനുമതി ലഭിച്ചത് 437.28 കോടി രൂപയാണ്. എന്നാൽ, റോഡിനാവശ്യമായ 74.41 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ പുതിയ മൂല്യനിർണയം അനുസരിച്ച് ഏകദേശം 1000 കോടി രൂപയെങ്കിലും ആവശ്യമുണ്ട്.
അനുവദിച്ചതിൽ കൂടുതൽ തുക ആവശ്യമായതിനാൽ അധിക തുക റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് കിഫ്ബിയിൽനിന്ന് ലഭ്യമാകണം. എങ്കിലേ 20 വർഷത്തോളമായി തുടരുന്ന ഭൂവുടമകളുടെ ദുരിതം അവസാനിക്കൂ. സ്ഥലമേറ്റെടുക്കാൻ റവന്യൂ വകുപ്പ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് ഡിസംബർ 17 ന് ഫണ്ട് റിക്വസ്റ്റ് നൽകണമെന്ന് രേഖാമൂലം ആവശ്യപ്പെടാൻ അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു.
അധിക തുകയായതുകൊണ്ട് കിഫ്ബി ബോർഡിന്റെ അംഗീകാരം ആവശ്യമാണ്. അധികതുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്ത് നൽകി.
സീപോർട്ട് - എയർപോർട്ട് റോഡ് പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലേക്ക് നിങ്ങുകയാണെന്ന് മുമ്പ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അൻവർ സാദത്ത് എം.എൽ.എ അവതരിപ്പിച്ച സബ്മിഷന് മറുപടിയായി പറഞ്ഞിരുന്നു. അതിന് ശേഷവും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല.
പദ്ധതി ആരംഭിച്ച് 20 വർഷമായിട്ടും എങ്ങുമെത്താത്തതിനാൽ പ്രദേശവാസികൾ വളരെയധികം ദുരിതമനുഭവിക്കുകയാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.