ആലുവ: ‘ഇനിയൊരു മുങ്ങിമരണം ഉണ്ടാകാതിരിക്കട്ടെ’എന്ന ആശയം മുൻനിർത്തി നടത്തുന്ന പെരിയാറിലെ സൗജന്യ നീന്തൽ പരിശീലനത്തിന് 15 വയസ്. പ്രമുഖ നീന്തൽ പരിശീലകൻ സജി വാളശ്ശേരിയുടെ നേതൃത്വത്തിൽ വാളശ്ശേരിൽ റിവർ സ്വീമിങ് ക്ലബാണ് പരിശീലനം നൽകുന്നത്. 14 വർഷം കൊണ്ട് 8000ലധികം ആളുകളെയാണ് നീന്തൽ പരിശീലിപ്പിച്ചത്. ഇതിൽ 2000 ഓളം പേർ പുഴ കുറുകേ നീന്തുകയും ചേയ്തു.
പരിശീലനം നേടിയവരിൽ 10 പേർ ശാരീരീക പരിമിതികൾ ഉള്ളവരായിരുന്നു. സജി വാളശ്ശേരി നീന്തൽ അഭ്യസിപ്പിച്ചതിലൂടെ ലോക ശ്രദ്ധ നേടിയ 90 ശതമാനം അംഗവൈകല്യമുള്ള കോഴിക്കോട് വെളിമണ്ണ സ്വദേശി ആസിം വെളിമണ്ണ, ഇരുകണ്ണുകൾക്കും കാഴ്ച്ചയില്ലാത്ത നവനീത്, രണ്ടാമത്തെ വയസിൽ പോളിയോ ബാധിച്ച് അരക്ക് താഴേക്ക് തളർന്ന 55 ശതമാനം അംഗവൈകല്യമുള്ള രതീഷ് തുടങ്ങിയവർ ഇവരിൽ ഉൾപെടുന്നു.
15ാം ബാച്ച് നഗരസഭ ചെയർമാർ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ ലത്തീഫ് പുഴിത്തറ, കൗൺസിലർ കെ.വി. സരള എന്നിവർ പങ്കെടുത്തു. എല്ലാവിധ സുരക്ഷ ക്രമീകരണങ്ങളും പരിശീലനത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. പരിശീലനം എല്ലാ ദിവസവും രാവിലേ 5.30ന് ആരംഭിച്ച് എട്ടു മണിക്ക് അവസാനിക്കും. ഒരു ദിവസം 1000 പേരെ വരെ നീന്തൽ പരീശിലിപ്പിക്കാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും തയ്യാറാണ്.
സുരക്ഷക്കായി കരയിൽ ആംബുലൻസും പുഴയിൽ ബോട്ടും നീരീക്ഷിക്കുന്നതിനായി രണ്ടുപേരെയും ചുമതലപെടുത്തിയിട്ടുണ്ട്. 2024 മെയ് 31 വരെയാണ് പരീശീലനം നടക്കുന്നത്. മൂന്ന് വയസ് മുതൽ 80 വയസ് വരേയുള്ളവർക്കും ഏത് ശാരീരീക പരിമിതിയുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാമെന്ന് സജി വാളശ്ശേരി അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 9446421279 (വാട്സ്ആപ്പ് മാത്രം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.