അങ്കമാലി: കലുഷിതമായ സമകാലിക സാമൂഹിക അന്തരീക്ഷത്തിൽ മാനുഷിക മൂല്യങ്ങൾ ഉദ്ഘോഷിക്കുന്ന ഹ്രസ്വചിത്രം ‘പുതപ്പ്’ പ്രമേയംകൊണ്ട് വ്യത്യസ്തമാകുകയാണ്. ഉറവവറ്റാത്ത മനുഷ്യസ്നേഹത്തിന്‍റെയും ദാരിദ്ര്യം തളർത്തിയിട്ടും സത്യസന്ധത കൈവിടാത്ത മാനുഷിക മൂല്യങ്ങളുടെയും കഥപറയുന്ന ചിത്രം ഒരു മാസത്തിനകം 6000ത്തോളം പേരാണ് കണ്ടത്. സി.കെ. നാസർ എടവനക്കാട് കഥയും സംവിധാനവും നിർവഹിച്ച 11ാമത് ഹ്രസ്വചിത്രമാണ് 42 മിനിറ്റ് ദൈർഘ്യമുള്ള പുതപ്പ്.
മരണപ്പെട്ട പിതാവ് ഹോട്ടൽ മുതലാളിക്ക് നൽകാനുള്ള കടം വീട്ടാൻ ഏകമകൻ കരീം അതേ ഹോട്ടലിൽ തുച്ഛവരുമാനത്തിന് ജോലി ചെയ്യുന്നു. അതിൽനിന്ന് മിച്ചം പിടിച്ച് കിടപ്പുരോഗികളെയും നിരാലംബരെയും സഹായിക്കുന്നു. കുടുംബവഴക്കുകൾ പരിഹരിച്ചും സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ടും ജനങ്ങൾക്കൊപ്പം നിലകൊള്ളുന്ന കരീമിന്‍റെ ജീവിതവിശുദ്ധിയും സത്യസന്ധതയുമാണ് പ്രധാന പ്രമേയം.
പ്രദേശത്തെ പ്രധാന ഇമാമിനെ സന്ദർശിച്ച യുവാക്കളോട് കരീമിന്‍റെ കഥ പറയുന്നതാണ് തുടക്കം. ദുബൈ വ്യവസായി സൽമാൻ ഷെയ്ഖും കൊച്ചിയിലെ ഡെന്‍റൽ ഡോക്ടർ മാധവനും ഉറ്റ സഹപാഠികളായിരുന്നു. കോളജിൽനിന്ന് വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷം ബിസിനസ് ആവശ്യാർഥം കൊച്ചിയിലെത്തിയ സൽമാൻ ഷെയ്ഖ് മറ്റൊരു ആശുപത്രിയിൽ കോവിഡ് ബാധിതനായി മരിക്കുന്നു. മരണാസന്ന സമയത്ത് സൽമാൻ ഷെയ്ഖ് മൂന്ന് തലമുറക്ക് ജീവിക്കാനുള്ള രത്നങ്ങളും പണവും അടങ്ങിയ ബാഗ് അവകാശിക്ക് കൈമാറാൻ ഡോ. മാധവനെ ഏൽപിക്കുന്നു.
കരീമിനെയാണ് ഡോക്ടർ ബാഗ് സൂക്ഷിക്കാൻ ഏൽപിക്കുന്നത്. വർഷങ്ങൾ കഴിഞ്ഞ് സൽമാൻ ഷെയ്ഖിന്‍റെ അവകാശികൾ ബാഗ് തേടി ഡോ. മാധവനെ സമീപിക്കുന്നു. അദ്ദേഹം അവരോടൊപ്പം കരീമിന്‍റെ ചെറുകുടിലിലെത്തുമ്പോൾ നയാപൈസപോലും നഷ്ടപ്പെടാതെ സന്തോഷത്തോടെ കരീമും ഭാര്യയും ചേർന്ന് ബാഗ് കൈമാറുന്നു. കരീമിന്‍റെ ജീവിതം മനസ്സിലാക്കിയ സൽമാൻ ഷെയ്ഖിന്‍റെ കുടുംബം കോടികൾ വിലമതിക്കുന്ന രത്നങ്ങളടങ്ങിയ ബാഗ് ഡോ. മാധവന്‍റെ സാന്നിധ്യത്തിൽ കരീമിന്‍റെ മകനെ ഏൽപിച്ച് മടങ്ങുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മുൻ കലാഭവൻ ആർട്ടിസ്റ്റും സിനിമ താരവുമായ റഹ്മാൻ ചേലക്കുളമാണ് കരീം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 35ഓളം കലാകാരന്മാർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.