കൊച്ചി: ഭിന്നശേഷിക്കാർക്ക് നിരക്കിളവുമായി ആസ്റ്റർ മെഡ്സിറ്റി ഭിന്നശേഷിക്കാർക്ക് കൈത്താങ്ങുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. അരക്കുതാഴെ ഭാഗികമായി തളർന്ന് വീൽചെയറിൽ കഴിയുന്നവർക്ക് ചികിത്സ നിരക്കിൽ ഇളവ് നൽകുന്ന പദ്ധതിക്ക് തുടക്കമായി. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സുരേഷ് ജി.നായർ ഉദ്ഘാടനം നിർവഹിച്ചു.
നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ സംഘടനയായ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷനുമായി (എ.കെ.ഡബ്ല്യു.ആർ.എഫ്) ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സംഘടനയിലെ 100 പേർക്ക് ആസ്റ്റർ മെഡ്സിറ്റിയിൽ ഇൻ പേഷ്യന്റ്, ഔട്ട് പേഷ്യന്റ് കൺസൾട്ടേഷൻ ഉൾപ്പെടെ ചികിത്സക്ക് 30 ശതമാനം നിരക്കിളവ് നൽകും. ഇതോടൊപ്പം ചികിത്സക്കുശേഷമുള്ള പോസ്റ്റ് ഓപറേറ്റിവ് റിഹാബിലിറ്റേഷൻ സേവനങ്ങൾക്ക് കോതമംഗലം പീസ് വാലി ഫൗണ്ടേഷനിൽ സൗകര്യമൊരുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നതായി ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ പറഞ്ഞു. ഇളവ് ലഭിക്കുന്നതിനുള്ള ആസ്റ്റർ എബിലിറ്റി കാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ അസി. ജനറൽ മാനേജർ ലത്തീഫ് കാസിം, ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി രാജീവ് പള്ളുരുത്തി, പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.