അങ്കമാലി: ദേശീയപാതയിൽ മനുഷ്യ ജീവൻ പൊലിയുന്ന ദുരന്തങ്ങൾക്ക് അറുതിയില്ല. കാംകോ ജീവനക്കാരായ വീട്ടമ്മമാരാണ് തിങ്കളാഴ്ച പുലർച്ച അപകടത്തിൽ മരിച്ചത്. തുരുത്തിശ്ശേരി സ്വദേശികളായ അയവാസികളും സഹപ്രവർത്തകരുമായ മറിയാമ്മ (60), ഷീബ (49) എന്നിവരാണ് കമ്പനിയുടെ വിളിപ്പാടകലെ അത്താണിയിലെ തുരുത്തിശ്ശേരി ഗവ:എൽ.പി സ്കൂളിന് സമീപം അപകടത്തിൽ മരിച്ചത്.
തമിഴ്നാട്ടിൽനിന്ന് മെഡിസിനുമായി വന്ന പിക്അപ് വാൻ എറണാകുളത്തെത്താനുള്ള മിന്നൽ പാച്ചിലിനിടെയാണ് നിയന്ത്രണം വിട്ട് വീട്ടമ്മമാരുടെ ജീവൻ കവർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഒന്നര കിലോമീറ്റർ അകലെ കരിയാട് കവലയിൽ മാതൃക കർഷകൻ അപകടത്തിൽ മരിച്ചത് മൂന്ന് ദിവസം മുമ്പാണ്. അത്താണിയുടെയും കരിയാടിന്റെയും മധ്യേ എം.എ.എച്ച്.എസ് സ്കൂളിന് സമീപം ഭീമൻ കുഴിയിൽ വീണ് അങ്കമാലി ബദ്രിയ്യ ഹോട്ടൽ മാനേജർ മാഞ്ഞാലി സ്വദേശി ഹാഷിം മരിച്ചിട്ടും അധിക നാളുകളായിട്ടില്ല.
റോഡിലെ കുഴി അടക്കാത്ത ദേശീയപാത അധികൃതരുടെ നടപടിക്കെതിരെ കോടതി ഇടപെടലും രൂക്ഷമായി വിമർശിക്കപ്പെട്ടതും ഹാഷിമിന്റെ മരണത്തിന് ശേഷമായിരുന്നു. ജില്ല പരിധിയിൽപ്പെട്ട തെക്ക് ഭാഗത്തെ അത്താണി, എയർപ്പോർട്ട് കവല, പോസ്റ്റോഫിസ്, കോട്ടായി, പറമ്പയം, ദേശം, കുന്നുംപുറം വടക്ക് ഭാഗത്തെ തുരുത്തിശ്ശേരി, കരിയാട്, ചെറിയവാപ്പാലശ്ശേരി, മോണിങ്സ്റ്റാർ കോളജ് പരിസരം, ഡി.പോൾ കോളജ് പരിസരം, ടെൽക്ക് , റെയിൽവെ സ്റ്റേഷൻ, സെന്റ് ജോസഫ് സ്കൂൾ, ബാങ്ക് കവല, സെൻട്രൽ ജങ്ഷൻ, കിങ്ങിണിക്കവല, പൊലീസ് സ്റ്റേഷൻ പരിസരം, അങ്ങാടിക്കടവ് കവല, കോതകുളങ്ങര, കരയാംപറമ്പ് സിഗ്നൽ, എളവൂർക്കവല, കറുകുറ്റി എന്നിവിടങ്ങളിൽ ആഴ്ചയിൽ രണ്ട് അപകടങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.
ജനരോഷം ഉയർന്നതോടെ എയർപോർട്ട് കവല മുതൽ കരയാംപറമ്പ് വരെ ആറിടങ്ങളിലാണ് സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയത്. മറ്റിടങ്ങളിലും അപകടങ്ങളൊഴിവാക്കാൻ സിഗ്നൽ സംവിധാനമാണ് നിർദേശിക്കുന്നത്. എന്നാൽ, കരയാംപറമ്പിൽ സിഗ്നലിലാണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ എട്ട് അപകടങ്ങളുണ്ടായത്. പാലിയേക്കര മുതൽ മിന്നൽപോലെ പാഞ്ഞ് വരുന്ന വാഹനങ്ങൾ കരയാംപറമ്പിലെ സിഗ്നൽ കണ്ട് പൊടുന്നനെ നിർത്തുന്നതോടെയാണ് അപകടങ്ങളിൽപ്പെടുന്നത്. രണ്ടര മാസത്തിനുള്ളിൽ രണ്ട് ടൂറിസ്റ്റ് ബസുകൾ, കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് അടക്കം ഒൻപത് അപകടങ്ങളാണുണ്ടായത്. മൂന്ന് മാസത്തിനുള്ളിൽ മേഖലയിലെ 10 കിലോ മീറ്റർ ഭാഗത്ത് എട്ട് പേർക്കാണ് ജീവഹാനിയത്.
ഒരു കാലത്ത് എളവൂർ കവലയായിരുന്നു അങ്കമാലി മേഖലയിലെ പ്രധാന അപകട കേന്ദ്രമായിരുന്നതെങ്കിലും നിലവിലുണ്ടായിരുന്ന പാസേജ് അടച്ചതോടെ അപകടങ്ങൾക്കറുതിയായിട്ടുണ്ട്. കോതകുളങ്ങര ഭാഗത്തുള്ളവർ കരയാംപറമ്പിലെത്തി സിഗ്നൽ തിരിഞ്ഞാണ് അങ്കമാലിയിലേക്കെത്തിയിരുന്നത്. ഈ സന്ദർഭങ്ങളിൽ നിത്യവും അപകടങ്ങളായിരുന്നു. എന്നാൽ, അടുത്തിടെ കോതകുളങ്ങര ഭാഗത്ത് അണ്ടർപാസേജ് സംവിധാനം വന്നതോടെ അവിടെയും അപകടങ്ങൾ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേ സമയം, കോതകുളങ്ങരയിലടക്കം വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ റോഡിന് വീതികൂട്ടുകയാണ് അടിയന്തിരമായി ചെയ്യേണ്ടതെന്നാണ് യാത്രക്കാരും മറ്റും ചൂണ്ടിക്കാട്ടുന്നത്. അമിതവേഗം, റോഡിലെയും വശങ്ങളിലെയും കുഴികൾ, ട്രാഫിക് നിയമ ലംഘനം, രാത്രി കാലത്ത് ലൈറ്റ് ഡിം ചെയ്യാതിരിക്കൽ, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ് തുടങ്ങിയവയാണ് പ്രധാനമായും അപകടങ്ങളുണ്ടാക്കുന്നതത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.