ആയിരക്കണക്കിന് ഈറ്റവെട്ട്, മുള - പനമ്പ് നെയ്ത്ത് തൊഴിലാളികളും നൂറോളം ജീവനക്കാരും നൂറുകണക്കിന് ഡിപ്പോ തൊഴിലാളികളും ഫാക്ടറി തൊഴിലാളികളും ഉൾപ്പെട്ട സംസ്ഥാന ബാംബൂ കോർപറേഷൻ അരനൂറ്റാണ്ട് കഴിഞ്ഞിട്ടും പ്രതിസന്ധിയുടെ ചുഴിയിൽ നട്ടംതിരിയുകയാണ്. പരമ്പരാഗത ഈറ്റ, മുള, പനമ്പ്, നെയ്ത്ത് തൊഴിലാളികളുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി അങ്കമാലി ആസ്ഥാനമായി 1971ലാണ് കോർപറേഷൻ പ്രവർത്തനം ആരംഭിച്ചത്. തൊഴിലാളികളെ സ്വകാര്യ കച്ചവടക്കാർ ചൂഷണം ചെയ്തിരുന്ന അവസ്ഥക്ക് കോർപറേഷന്റെ വരവ് പരിഹാരമായി. പനമ്പ് ഉപയോഗിച്ച് പ്ലൈവുഡ് (ബാംബൂ പ്ലൈ) നിർമിക്കാൻ 1985ൽ ഫാക്ടറിയും തുടങ്ങി.
കോർപറേഷന് കീഴിൽ മൂവായിരത്തിലധികം ഈറ്റ-പനമ്പ് തൊഴിലാളി കുടുംബങ്ങളാണുള്ളത്. അങ്കമാലി മേഖലയിൽ കറുകുറ്റി, എടക്കുന്ന്, പാലിശ്ശേരി, മൂക്കന്നൂർ, കരയാംപറമ്പ്, അകപ്പറമ്പ്, നായത്തോട്, തുറവൂർ, കാലടി, മാണിക്യമംഗലം, പൊതിയക്കര, യോർദനാപുരം, നടുവട്ടം, കൈപ്പട്ടൂർ, കളമ്പാട്ടുപുരം പ്രദേശങ്ങളിലും പെരുമ്പാവൂർ മേഖലയിൽ ചേരാനല്ലൂർ, കൂടാലപ്പാട്, തോട്ടുവ, താന്നിപ്പുഴ, കൂവപ്പടി പ്രദേശങ്ങളിലുമാണ് ഈറ്റ-പനമ്പ് നെയ്ത്ത് തൊഴിലാളികൾ കൂടുതലായുള്ളത്. തുടക്കത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചെങ്കിലും കോർപറേഷൻ ഇപ്പോൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. തൊഴിലാളികൾ ഇഷ്ടാനുസരണം ഈറ്റ വെട്ടിയിരുന്നത് നിയന്ത്രിക്കപ്പെട്ടു. ഈറ്റക്ക് കൂലി ലഭിക്കാത്ത അവസ്ഥയുമായി. വനത്തിൽനിന്ന് വെട്ടുന്ന ഈറ്റ പനമ്പ് നെയ്ത് തൊഴിലാളികൾക്ക് നൽകാതെ കൂടിയ വിലയ്ക്ക് ഇതര സംസ്ഥാനങ്ങളിലേക്ക് മറിച്ചുവിൽക്കുന്നു എന്നാണ് ആരോപണം. പനമ്പ് ലഭിക്കാത്തതിനാൽ ഫാക്ടറി പ്രവർത്തനവും നിലച്ച മട്ടാണ്.
ഈറ്റ ക്ഷാമം പരിഹരിക്കാനെന്ന പേരിൽ പെരിന്തൽമണ്ണ, ആറളം എന്നിവിടങ്ങളിൽ മുള, ഈറ്റ എന്നിവ വെച്ചുപിടിപ്പിക്കാൻ 45 ലക്ഷം ചെലവാക്കി. എന്നാൽ, നാളിതുവരെ മുളയോ ഈറ്റയോ ലഭ്യമായിട്ടില്ല.
1998വരെ രണ്ട് ഷിഫ്റ്റ് പ്രവർത്തിച്ചിരുന്ന ഫാക്ടറി പനമ്പ് ലഭിക്കാത്തതിനാൽ ഇപ്പോൾ ഒരു ഷിഫ്റ്റുപോലും പല ദിവസവും പ്രവർത്തിക്കുന്നില്ല. 100 കോടിയിലധികം സഞ്ചിത നഷ്ടത്തിലാണ് കോർപറേഷൻ. എട്ട് മാസമായി ശമ്പളവും കൂലിയും മറ്റാനുകൂല്യങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. സർക്കാർ ഫണ്ട് അനുവദിച്ച് നഷ്ടം നികത്താത്തപക്ഷം ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങുന്ന അവസ്ഥയാണ്. ഭൂരിഭാഗം ഡിപ്പോകളും പൂട്ടി. ജീവനക്കാരെ കോർപറേഷന്റെ ഓഫിസുകളിലും മറ്റും നിയോഗിച്ചിട്ടുണ്ടെങ്കിലും അവർക്കും യഥാസമയം വേതനം ലഭിക്കുന്നില്ല.
(തുടരും)
ടി.കെ. മോഹനൻ (ചെയർമാൻ, സംസ്ഥാന ബാംബൂ കോർപറേഷൻ)
ബാംബൂ കോർപറേഷൻ പ്രതിസന്ധിയിലാണെങ്കിലും ഓണത്തിന് തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിന് സർക്കാറിൽ നിരന്തര സമ്മർദം ചെലുത്തുന്നുണ്ട്. അരനൂറ്റാണ്ട് പിന്നിട്ട കോർപറേഷനെ സേവന മേഖലയായി കണക്കാക്കിയാണ് സർക്കാറുകൾ നിലനിർത്തുന്നത്. പ്രതിവർഷം 12.5 കോടി നഷ്ടത്തിലാണ് കോർപറേഷൻ. ഒരു കെട്ട് ഈറ്റ വെട്ട്, കയറ്റ്, കടത്ത് കൂലികൾ ചെലവാക്കി സബ്സിഡി നിരക്കിൽ തൊഴിലാളികൾക്ക് എത്തിക്കാൻ കോർപറേഷന് ചെലവ് 275 രൂപയാണ്. എന്നാൽ, ഒരു പനമ്പിന് ലഭിക്കുന്നതാകട്ടെ വെറും 54 രൂപയും. മാസത്തിൽ 25 ദിവസം പ്രയത്നിച്ചാലും ഈറ്റ കിട്ടാത്ത അവസ്ഥയാണ്.
സംസ്ഥാന സർക്കാറിന് കേന്ദ്ര സർക്കാർ പ്രതിവർഷം നൽകിയിരുന്ന 40,000 കോടി വെട്ടിക്കുറച്ചത് ബാംബൂ കോർപറേഷനെയും സാരമായി ബാധിച്ചു. സംസ്ഥാന സർക്കാർ അകമഴിഞ്ഞ് സഹായിക്കുന്നതുകൊണ്ടാണ് പല പ്രതിസന്ധികളും അതിജീവിക്കുന്നത്.
സർക്കാറിന്റെ അവഗണനയും മാനേജ്മെന്റിന്റെ പിടിപ്പുകേടുമാണ് കോർപറേഷനെ പ്രതിസന്ധിയിലാക്കിയതെന്ന് ബാംബു ബോർഡ് വർക്കേഴ്സ് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. സാജി ജോസഫ് പറയുന്നു. മൂന്നുവർഷം മുമ്പ് 11 പദ്ധതികളുടെ പേരിൽ 52 കോടിയിലധികം ലഭിച്ചെങ്കിലും ഉദ്ഘാടനത്തിന് ശേഷം ഫണ്ട് തിരിമറി നടത്തുകയായിരുന്നു. മാനേജ്മെന്റിന്റെ അഴിമതിയും ധൂർത്തും ഫണ്ട് നഷ്ടപ്പെടുത്തി. ഒന്നരക്കോടിയോളം വില വരുന്ന ബാംബൂ പ്ലൈ ഉൽപന്നങ്ങൾ കെട്ടിക്കിടന്ന് നശിക്കുകയാണ്. ഈറ്റ ഉപയോഗിച്ച് കൊട്ട, വട്ടി, മുറം തുടങ്ങിയവയുണ്ടാക്കി ഉപജീവനം നടത്തിയിരുന്നവർ ഈറ്റ ക്ഷാമംമൂലം പട്ടിണിയിലായി. ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണ കമീഷൻ റിപ്പോർട്ട് നൽകിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയെടുത്തിട്ടില്ല. തൊഴിലാളികളിൽനിന്ന് പിരിച്ചെടുത്ത അഞ്ച് കോടിയോളം പി.എഫിൽ അടച്ചില്ല. കോർപറേഷനെ നശിപ്പിക്കുന്ന സമീപനമാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.