ഫോർട്ട്കൊച്ചി: പുതിയ കടൽത്തീരത്ത് ഇതുവരെ മരണം ഏഴ്. അപകട മുനമ്പായി മാറിയ ഫോർട്ട്കൊച്ചിയിലെ ബീച്ച് റോഡ് ബീച്ചിൽ സുരക്ഷാ കവചമൊരുക്കി നല്ല നസ്റായൻ കൂട്ടായ്മ. അധികൃതരുടെ നിസ്സംഗതയെത്തുടർന്ന് ഏഴ് ജീവൻ പൊലിഞ്ഞപ്പോൾ സുരക്ഷയെരുക്കണമെന്ന നിരന്തര ആവശ്യം അധികാരികൾ അവഗണിച്ചതോടെയാണ് നാട്ടുകാർ മുന്നോട്ട് വന്നത്.
അവധിക്കാലം അടുത്തതോടെ കുട്ടികൾ ബീച്ചിൽ നീന്താൻ ഇറങ്ങുമെന്നും ഇത് അപകടത്തിന് കാരണമാകുമെന്നും മനസ്സിലാക്കിയതോടെയാണ് ഇന്റർ ഡൈവിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ നല്ല നസ്റായൻ കൂട്ടായ്മ പദ്ധതി ഒരുക്കിയത്.
അപകടകരമല്ലാത്ത മേഖല അറിയിക്കുന്നതിനായി മൂന്ന് മാർക്കർ ബോയയും അര കിലോമീറ്ററോളം നീളത്തിൽ ഫ്ലോട്ടിങ് ലൈൻ സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്. ഫ്ലോട്ടിങ് ലൈൻ മറികടന്ന് കടലിലേക്ക് പോകരുതെന്ന മുന്നറിയിപ്പും സ്ഥാപിച്ചു. ഇതിന് പുറമെ കരയിൽ മുന്നറിയിപ്പ് ബോർഡും ബോധവത്കരണ ബോർഡും സ്ഥാപിച്ചു.
നീന്തൽ പഠിക്കാൻ എത്തുന്നവർ അപകടത്തിൽപെടുന്നത് പതിവാണ്. കൂടുതലും വിദ്യാർഥികളും യുവാക്കളുമാണ് അപകടത്തിൽപെടുന്നത്. സുരക്ഷാ സംവിധാനം ഒരുക്കണമെന്നും ലൈഫ് ഗാർഡുകളെ നിയമിക്കണമെന്നുമുള്ള ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. കൊച്ചിയുടെ പുതിയ തീരത്തിന്റെ ഭംഗി ആസ്വദിക്കാൻ സഞ്ചാരികൾ എത്തുമ്പോഴും സുരക്ഷാ സംവിധാനം ഇല്ലാത്തത് അപകടങ്ങൾക്ക് ഇടയാക്കുന്നു.
പുലർച്ച കുളിക്കാനിറങ്ങുന്ന കുട്ടികൾ ഉൾപ്പെടെ ആഴമറിയാതെ അപകടത്തിൽപെടുന്ന സാഹചര്യമാണ്. സുരക്ഷാ സംവിധാനം ഒരുക്കുകയും ലൈഫ് ഗാർഡുകളെ നിയമിക്കുകയും ചെയ്താൽ ഒരു പരിധിവരെ അപകടം കുറക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. സുരക്ഷാ സംവിധാനം സ്ഥാപിക്കുന്ന ചടങ്ങ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഷീബാ ലാൽ ഉദ്ഘാടനം ചെയ്തു. കൊച്ചി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, വിൽഫ്രഡ് മാനുവൽ, സമ്പത്ത് മാനുവൽ, റോഷൻ ജോൺ, സുനിൽ ജോബി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.