കടുങ്ങല്ലൂർ: പഞ്ചായത്തിലെ എടയാറ്റുചാൽ പാടശേഖരം ഫാംടൂറിസം കേന്ദ്രമാകുന്നു. നോക്കെത്താ ദൂരംവരെ നെല്ലുകൾ വിളഞ്ഞ് നിൽക്കുന്ന പാടശേഖര കാഴ്ച വളരെ മനോഹരമാണ്. വൈകുന്നേരങ്ങളിൽ നൂറു കണക്കിനാളുകളാണ് നെൽകൃഷി കാണാൻ ഇവിടെ എത്തുന്നത്. വീതിയേറിയ വരമ്പുകളിലൂടെ ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യാനുളള സൗകര്യം ഇവിടെയുണ്ട്. തോടുകളിൽ ചൂണ്ടയിട്ട് മീൻപിടിക്കാനും ആളുകൾ ഇവിടെ എത്തുന്നുണ്ട്.
മുപ്പത്തടം കവലയിൽ നിന്ന് അഞ്ഞൂറുമീറ്റർ ദൂരം പടിഞ്ഞാറുഭാഗത്തേക്ക് സഞ്ചരിച്ചാൽ എടയാറ്റുചാലിൽ എത്താം. മുപ്പത്തടത്തു നിന്നും എരമത്തേക്കുള്ള റോഡ് എയാറ്റുചാലിന് കുറുകെയാണ് സ്ഥിതി ചെയ്യുന്നത്. കാഴ്ചകാണാൻ എത്തുന്നവർക്ക് ഈ റോഡിൽ നിന്നാൽ നെല്ല് വിളഞ്ഞുനിൽക്കുന്ന നെൽപാടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയും.
ഈ വർഷം 240 ഏക്കറിൽ നെൽകൃഷിയുണ്ട്. കഴിഞ്ഞ വർഷം 227 ഏക്കറിൽ കൃഷി ചെയ്തു. 355 ടൺ നെല്ല് ഉൽപാദിപ്പിച്ചു. എടയാറ്റുചാൽ നെല്ലുൽപാദക സമിതിയാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. മന്ത്രിയും പ്രദേശത്തെ എം.എൽ.എയുമായ പി.രാജീവിന്റെ ‘ കൃഷിക്കൊപ്പം കളമശ്ശേരി’ എന്ന പദ്ധതിക്ക് വിധേയമായാണ് എടയാറ്റുചാലിൽ കൃഷി നടത്തിവരുന്നത്.
എടയാറ്റുചാലിലെ കാർഷിക അഭിവൃദ്ധിക്കായി പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിന് മന്ത്രി രാജീവ് 2.65 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഫാം ടൂറിസത്തിന്റെ ഭാഗമായി മഴക്കാലത്ത് എടയാറ്റുചാലിൽ ചെറുവള്ളംകളി മത്സരവും ചൂണ്ടയിടൽ മത്സരവും സംഘടിപ്പിക്കാൻ നെല്ലുൽപാദകസമിതി ആലോചിക്കുന്നുണ്ട്.
റോഡിന്റെ ഒരു വശത്ത് കോൺക്രീറ്റ് ബഞ്ചുകളും വൈദ്യുതി വിളക്കുകളും സി.സി.ടി.വി കാമറകളും സ്ഥാപിക്കുന്നതിനുള്ള തുക അടുത്തവർഷം ലഭ്യമാക്കാമെന്ന് മന്ത്രി സമ്മതിച്ചിട്ടുണ്ടെന്ന് നെല്ലുൽപാദകസമിതി പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ പി.എ. അബൂബക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.