മട്ടാഞ്ചേരി: ലോക്സഭ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മൂലം നിർമാണം പൂർത്തിയായി കൊണ്ടിരിക്കുന്ന പശ്ചിമകൊച്ചിയിലെ പല വികസന പദ്ധതികളുടെയും ഉദ്ഘാടനം നീളും. ഇവയിൽ എറിയവയും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടായതിനാൽ സഞ്ചാരികളെയും ഇത് ബാധിക്കും.
ഫോർട്ട്കൊച്ചി ജല മെട്രോ ടെർമിനൽ ഉദ്ഘാടനം വൈകുന്നത് തീരദേശക്കാർക്ക് തിരിച്ചടിയാണ്. മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനൽ തിരക്കിട്ട നിർമാണത്തിലാണ്. ഫോർട്ട്കൊച്ചിയിലെ നവീകരിച്ച കുട്ടികളുടെ നെഹ്റു പാർക്ക് തുറന്നുനൽകൽ നീളുന്നത് അവധി ആഘോഷിക്കാനെത്തുന്ന കുട്ടികളെ ബാധിക്കും.
കൊച്ചി മെട്രൊ സിറ്റിയുടെ വിവിധ പദ്ധതികൾ, ചീനവല നവീകരണം, പൊതുമരാമത്ത് പദ്ധതികൾ എന്നിവക്ക് കാലതാമസം വരും. മാർച്ചിൽ പുർത്തിയാകുന്ന പദ്ധതികളെല്ലാം ഉദ്ഘാടനത്തിനായി ജൂൺ വരെ കാത്തിരിക്കേണ്ടി വരും. ഫോർട്ട്കൊച്ചി വാട്ടർ മെട്രോയുടെ ജെട്ടി നിർമാണ പുർത്തികരണം അവസാന ഘട്ടത്തിലാണ്.
ആദ്യം 2023 ലെ ഓണ സമ്മാനമായും 2024 ലെ പുതുവത്സര സമ്മാനമായും പ്രഖ്യാപിച്ച് ജനങ്ങൾക്ക് ആശ നൽകിയെങ്കിലും പണികൾ നീണ്ടതോടെ ഇതുവരെ പൂർത്തീകരിക്കാനായില്ല. മട്ടാഞ്ചേരി ജെട്ടി നിർമ്മാണം മിക്കവാറും പുർത്തികരിച്ചെങ്കിലും ഡ്രജ്ജിംഗ് നടപടികൾ തീർന്നിട്ടില്ല.
ഫോർട്ട്കൊച്ചി വെളി പള്ളത്തു രാമൻ സ്മാരക കേന്ദ്ര നവീകരണം, റോഡ് വികസനം, ഓപ്പൺ എയർ തിയറ്റർ, ശുചീകരണ പദ്ധതികൾ, കടപ്പുറം നവീകരണം തുടങ്ങി നഗരസഭയുടെയും സംസ്ഥാന സർക്കാറിന്റെയും പദ്ധതികൾ ഇഴഞ്ഞുനീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.