കൊച്ചി: എറണാകുളത്തപ്പൻ ഗ്രൗണ്ടിൽനിന്ന് അഞ്ചു വർഷം ലഭിച്ച വരുമാനവും ശിവ ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണിക്കായി ചെലവഴിച്ച തുകയും സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കണമെന്ന് ഹൈകോടതി. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ വ്യാപാരമേളകളും മറ്റും നടത്തുന്നതുമായി ബന്ധപ്പെട്ട് സ്വമേധയ പരിഗണിക്കുന്ന ഹരജിയിലാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കൊച്ചിൻ ദേവസ്വം ബോർഡിനോടും ക്ഷേത്ര ക്ഷേമ സമിതിയോടും വിശദാംശങ്ങൾ നൽകാൻ നിർദേശിച്ചത്.
കൊച്ചിൻ ദേവസ്വം ബോർഡിലെ അസി. കമീഷണർ (വാല്യുബിൾസ്) ക്ഷേത്രത്തിൽ പരിശോധന നടത്തി തിരുവാഭരണത്തിന്റെ നിലവിലെ സ്ഥിതിയും മറ്റു വിലയേറിയ വസ്തുക്കളുടെയും വിവരങ്ങൾ മൂന്നാഴ്ചക്കകം സമർപ്പിക്കണം. ക്ഷേത്രത്തിൽ നടത്തിയ അറ്റകുറ്റപ്പണികൾ സംബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡിന്റെ തൃപ്പൂണിത്തുറ ഗ്രൂപ്പിലെ മരാമത്ത് വിങ് അസി. കമീഷണർ മറ്റൊരു റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്.
ഹരജി ജൂൺ 22ന് വീണ്ടും പരിഗണിക്കും. എറണാകുളത്തപ്പന് ഒരടി മണ്ണ് എന്ന പദ്ധതിപ്രകാരം ഭക്തരുടെ പണം വിനിയോഗിച്ചാണ് ഭൂമി വാങ്ങിയതെന്നും ക്ഷേത്ര ക്ഷേമ സമിതിക്ക് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ അവകാശവും ഉന്നയിക്കാനാവില്ലെന്നും നേരത്തേ ഹൈകോടതി വ്യക്തമാക്കിയിരുന്നു. എറണാകുളത്തപ്പൻ ശിവക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി രൂപവത്കരിക്കാനുള്ള നടപടികൾ തടഞ്ഞ ഉത്തരവ് രണ്ടു മാസത്തേക്ക് ഹൈകോടതി നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.