കളമശ്ശേരി: വർഷകാല മുന്നൊരുക്കത്തിന്റെ ഭാഗമായി പാതാളം റെഗുലേറ്റർ ബ്രിഡ്ജിലെ ഷട്ടർ തുറന്നത്തോടെ പെരിയാറിലേക്ക് വ്യവസായ മാലിന്യത്തിന്റെ കുത്തൊഴുക്ക്. കഴിഞ്ഞ രണ്ടരമാസത്തെ ഇടവേളക്ക് ശേഷം തുറന്നതിനാൽ രൂക്ഷഗന്ധത്തോടെ കറുത്ത നിറത്തിലെ മാലിന്യമാണ് ഒഴുകിയത്.
ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് ജലവിഭവ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പറവൂർ താലൂക്ക് തഹസിൽദാർ കെ.എൻ. അംബികയുടെ സാന്നിധ്യത്തിൽ പ്രധാന ഷട്ടറുകൾ ഒന്നൊന്നായി തുറന്നത്. മാലിന്യത്തിന്റെ കുത്തൊഴുക്കിൽ തെളിനീർ പോലെ കിടന്ന പെരിയാർ കറുത്തു.
ഇതിനിടെ ഷട്ടർ തുറക്കുന്നത് തടഞ്ഞുകൊണ്ട് എതിർപ്പുമായി ഏലൂർ ജനജാഗ്രത പ്രവർത്തകർ രംഗത്തുവന്നു. പെരിയാറിന്റെ തീരത്ത് വ്യവസായ മേഖലയിൽ നിരീക്ഷണ പാതയും ഡൈക്ക് വാളും നിർമിക്കണമെന്ന നാഷനൽ ഗ്രീൻ ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു.
2017ൽ ഇറങ്ങിയ ഉത്തരവ് 2019ൽ നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു. എന്നാൽ, നാളിതുവരെ സർവേപോലും നടത്തിയിട്ടില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തുടർന്ന് കലക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഉടൻ നടപടി സ്വീകരിക്കാമെന്ന തഹസിൽദാറുടെ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.