വരാപ്പുഴ: ഇറാൻ പിടികൂടിയ എണ്ണ കപ്പലിലെ ജീവനക്കാരനായ കൂനമ്മാവ് ചെമ്മായം റോഡ് പുതുശ്ശേരി വീട്ടിൽ എഡ്വിൻ ജോൺസൻ (27) തടവിലായിട്ട് ഒരാഴ്ച പിന്നിടുന്നു. തുർക്കിയിലെ അഡ്വാന്റേജ് സ്വീറ്റ് എന്ന എണ്ണക്കപ്പലാണ് ഇറാൻ -ഒമാൻ കടലിടുക്കിന് സമീപം കഴിഞ്ഞ ആഴ്ച ഇറാന്റെ നാവികസേന പിടികൂടിയത്.
കുവൈത്തിൽനിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പോകുകയായിരുന്നു കപ്പൽ. കപ്പലിന്റെ ക്യാപ്റ്റൻ കപ്പൽ ഉടമയെ നേരിട്ട് ഫോണിൽ വിളിച്ച് ബന്ധപ്പെട്ടത് ആശ്വാസമായെന്ന് എഡ്വിന്റെ സഹോദരൻ ആൻവിൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇന്ത്യൻ എംബസി അധികൃതരും ബന്ധപ്പെട്ടിരുന്നു. എഡ്വിന്റെ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായം തേടിയിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഇന്ത്യൻ എംബസി, കേന്ദ്ര ഷിപ്പിങ് കോർപറേഷൻ ഡയറക്ടർ ജനറൽ, ഹൈബി ഈഡൻ എം.പി, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്കും എഡ്വിന്റെ കുടുംബം നിവേദനം നൽകി.
ആറു വർഷത്തോളമായി കപ്പലിൽ ജോലി ചെയ്യുന്ന എഡ്വിൻ, ഈ മാസം 12ന് അവധിക്ക് നാട്ടിൽ വരാനിരിക്കുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് അവധി കഴിഞ്ഞ് തിരിച്ചു പോയത്. ജോൺസൺ ആണ് എഡ്വിന്റെ പിതാവ്. മാതാവ്: സീന.
കൊച്ചി: ഇറാൻ നാവികസേന പിടിച്ചെടുത്ത ’അഡ്വാന്റേജ് സ്വീറ്റ്’ എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ സന്ദർശിക്കാൻ നയതന്ത്ര പ്രതിനിധികൾക്ക് ഉടൻ അനുമതി ലഭിച്ചേക്കും. കപ്പലിലെ എല്ലാ ക്രൂ അംഗങ്ങൾക്കും എല്ലാ സൗകര്യങ്ങളും നൽകുന്നുണ്ടെന്നാണ് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തെ ഇറാൻ അധികൃതർ അറിയിച്ചിട്ടുള്ളത്. ജീവനക്കാർ സുരക്ഷിതരാണെന്ന് കപ്പലിന്റെ ഓപറേറ്റർമാരായ ‘അഡ്വാന്റേജ് ടാങ്കേഴ്സ്’ എന്ന സ്ഥാപനവും അറിയിച്ചിട്ടുണ്ട്. തെഹ്റാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജോൺ മായ് ഇതുസംബന്ധിച്ച വിവരങ്ങൾ ഹൈബി ഈഡൻ എം.പിക്ക് കൈമാറി.
എണ്ണക്കപ്പലിലെ മൂന്ന് മലയാളി ജീവനക്കാരെ ഉൾപ്പെടെ മോചിപ്പിക്കുന്നതടക്കം പ്രശ്നപരിഹാരത്തിന് ഇറാനിയൻ അധികൃതരുമായി നിരന്തര സമ്പർക്കത്തിലാണെന്നും തടവിലാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായും മറ്റും ബന്ധപ്പെട്ടുവരുന്നുവെന്നും എം.പിക്ക് ലഭിച്ച കത്തിൽ പറയുന്നു. കപ്പലിലെ സാറ്റലൈറ്റ് ഫോൺ അടക്കമുള്ള ആശയവിനിമയ ഉപകരണങ്ങൾ ഇറാൻ അധികൃതർ പിടിച്ചെടുത്തുവെന്നാണ് അറിയുന്നതെന്നും വ്യക്തമാക്കുന്നു.
കുവൈത്തിൽനിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്കുള്ള യാത്രക്കിടെയാണ് കപ്പൽ പിടിച്ചെടുത്തത്. മൂന്ന് മലയാളികളിൽ രണ്ടുപേർ എറണാകുളം സ്വദേശികളാണ്. കപ്പലിലുള്ള എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിന്റെ വീട് ഹൈബി ഈഡൻ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.