കാലടി: 58 വർഷം പഴക്കമുള്ള കാലടി ശ്രീശങ്കര പാലത്തിനോടുള്ള അവഗണന അധികൃതർ തുടരുന്നു. 1963 മേയ് 16ന് അന്നത്തെ മന്ത്രിയായിരുന്ന പി.പി. ഉമ്മർകോയയാണ് പാലം പൊതുജനത്തിനായി തുറന്നുകൊടുത്തത്. ആറുവർഷം മുമ്പ് സമാന്തര പാലവും അനുബന്ധ റോഡും നിർമിക്കാൻ 42 കോടി രൂപ അന്നത്തെ യു.ഡി.എഫ് സർക്കാർ അനുവദിച്ചിരുന്നെങ്കിലും പ്രാരംഭപ്രവർത്തനങ്ങൾപോലും ഇതുവരെ ആരംഭിക്കാൻ സാധിച്ചിട്ടില്ല.
നിലവിലെ പാലത്തിന് സമാന്തരമായി നിർമിക്കാനുള്ള സ്ഥലമുണ്ടെങ്കിലും ചില സ്വകാര്യ വ്യക്തികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഇടപെടലും തർക്കവുംമൂലം നിർമാണം ഇപ്പോഴും കടലാസിൽ ഒതുങ്ങുകയാണ്. ഇതിനിടെ പാലം ഗതിമാറ്റി പണിയാനുള്ള നീക്കങ്ങളാണ് തടസ്സമാകുന്നതെന്നും ആരോപണമുണ്ട്. പാലത്തിനും അേപ്രാച് റോഡിനുമുള്ള അലൈൻമെൻറുകൾപോലും ഉറപ്പാക്കാൻ അധികൃതർക്ക് ഇതുവരെ സാധിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
ആറുവർഷം മുമ്പ് കാലടിയിൽനിന്നും താന്നിപ്പുഴയിൽനിന്നുമുള്ള റോഡും പാലവുമായി ചേരുന്ന ഇരുഭാഗങ്ങളിലും വലിയ ഗർത്തങ്ങൾ രൂപപ്പെടുകയും പാലത്തിെൻറ ഒരുഭാഗം ഇടിഞ്ഞ് പെരിയാറിലേക്ക് വീഴുകയും ചെയ്തിരുന്നു.
പുഴ കാണാവുന്ന രീതിയിലുള്ള ഗർത്തങ്ങളാണ് രൂപപ്പെട്ടത്. തുടർന്ന് 16 ദിവസം ഗതാഗതം പൂർണമായും നിരോധിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിനുശേഷം നിരവധി തവണ അറ്റകുറ്റപ്പണികളുടെ പേരിൽ ലക്ഷങ്ങൾ പാലത്തിൽ ചെലവഴിെച്ചങ്കിലും ഇപ്പോഴും കുഴികൾ രൂപപ്പെട്ടതിനാല വലിയ ഗതാഗതതടസ്സമാണ് എം.സി റോഡിൽ അനുഭവപ്പെടുന്നത്. കാലടിയിലൂടെ കടന്നുപോകുന്നവർ ഗതാഗതക്കുരുക്കുണ്ടോയെന്ന് പൊലീസ് സ്റ്റേഷനിലും മറ്റും വിളിച്ചുചോദിച്ച ശേഷമാണ് യാത്രചെയ്യുന്നത്. വെള്ളം ഒഴുകിപ്പോകാൻ പാലത്തിന് ഇരുവശവും ഉണ്ടാക്കിയ ദ്വാരങ്ങൾക്കുമുകളിൽ മണ്ണടിഞ്ഞ് വെള്ളം കെട്ടിക്കിടക്കുകയാണ്. നല്ല മഴപെയ്യുന്ന സമയത്താണ് കുഴികൾ അടക്കാൻ കരാറുകാരും ഉദ്യോഗസ്ഥരും എത്തുന്നത്. ഇത് അഴിമതിക്ക് വഴിയൊരുക്കുന്നതായി ജനകീയ സമരസമിതി പറയുന്നു.
കോട്ടയത്തേക്കുള്ള ഈ പ്രധാന പാതയിലൂടെയാണ് തീർഥാടന കേന്ദ്രങ്ങളായ മലയാറ്റൂർ കുരിശുമുടി, ശൃംഗേരിമഠം, അദിശങ്കര കീർത്തിസ്തംഭം, ഇക്കോ ടൂറിസം മേഖലയായ മഹാഗണിത്തോട്ടം, കോടനാട് ആനവളർത്തൽ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സഞ്ചാരികളുടെ നിരവധി വാഹനങ്ങൾ ദിനേന സഞ്ചരിക്കുന്നത്. വാഹനക്കുരുക്ക് പെരൂമ്പാവൂർ മുതൽ അങ്കമാലിവരെ കിലോമീറ്ററുകൾ നീളുന്നത് ശബരമില തീർഥാടകർ, വിമാനത്താവള യാത്രക്കാർ, ദീർഘദൂര ബസ് യാത്രക്കാർ എന്നിവരെ ഏറെ വലക്കുന്നു. എം.പി, എം.എൽ.എമാർ തുടങ്ങിയവർ മുൻകൈയെടുത്ത് പ്രശ്നം പരിഹരിക്കാൻ തയാറാകണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
2018ലെ പ്രളയത്തെതുടർന്ന് പാലത്തിനെ താങ്ങിനിർത്തുന്ന കോൺക്രീറ്റ് തൂണുകൾക്ക് വലിയ വിള്ളലുകൾ സംഭവിച്ചതാണ് പാലം അപകടാവസ്ഥയിലാകാനുള്ള പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.