കളമശ്ശേരി: ആലുവ, പഴയ വടക്കേക്കര, പറവൂർ മണ്ഡലങ്ങളിൽനിന്ന് അടർത്തിയെടുത്ത് 2011ൽ രൂപം കൊടുത്ത കളമശ്ശേരി നിയമസഭ മണ്ഡലം യു.ഡി.എഫിന്റെ സുരക്ഷിത കേന്ദ്രമായിരുന്നെങ്കിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കൈയടക്കി. 2011, 2016 നിയമസഭ തെരഞ്ഞെടുപ്പുകളിൽ വി.കെ. ഇബ്രാഹീംകുഞ്ഞാണ് വിജയിച്ചത്. എന്നാൽ, 2021ൽ ഇപ്പോഴത്തെ വ്യവസായ മന്ത്രി പി. രാജീവിനായിരുന്നു വിജയം. ആരോഗ്യപ്രശ്നങ്ങളും പാലാരിവട്ടം പാലം അഴിമതി ആരോപണവും നിലനിന്നിരുന്നതിനാൽ ഇബ്രാഹീംകുഞ്ഞിന് പകരം മകൻ അഡ്വ. അബ്ദുൽ ഗഫൂറിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയത്. എന്നാൽ, മണ്ഡലത്തിലെ കളമശ്ശേരി, ഏലൂർ നഗരസഭകളിലും കരുമാല്ലൂർ, കുന്നുകര, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടി പി. രാജീവ് വിജയിക്കുകയായിരുന്നു.
സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ലീഗിലും യു.ഡി.എഫിൽ ചിലർക്കിടയിലും ഉണ്ടായ ഭിന്നതയാണ് ഗഫൂറിന്റെ പരാജയത്തിന് പിന്നിലെന്നായിരുന്നു വിലയിരുത്തൽ. കേന്ദ്ര സർക്കാറിനോടുള്ള മൃദുസമീപനം ചൂണ്ടിക്കാട്ടി ഇരുമുന്നണിയും പരസ്പരം പഴിചാരി മണ്ഡലത്തിൽ വോട്ട് ചോദിക്കുമ്പോൾ കേന്ദ്രത്തിന്റെ വികസനനേട്ടങ്ങൾ പറഞ്ഞാണ് എൻ.ഡി.എ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പ്രചാരണം. മണ്ഡലത്തിലെ പ്രചാരണത്തിൽ തുടക്കം മുതൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ ഹൈബിയെക്കാൾ മുന്നിലായിരുന്നു.
എന്നാൽ, വ്യവസായ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പോരായ്മകളും ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം ഹൈബിയെ മുന്നിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. 2019ലെ തെരഞ്ഞെടുപ്പിൽ കളമശ്ശേരി മണ്ഡലത്തിൽനിന്ന് ഹൈബി 73,745 വോട്ട് നേടിയപ്പോൾ പി. രാജീവിന് 53,056ഉം അന്നത്തെ എൻ.ഡി.എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തിന് 21,026 വോട്ടുമാണ് ലഭിച്ചത്.
ഇത് നിലനിർത്തി ഇക്കുറി ഭൂരിപക്ഷം വർധിപ്പിക്കുമെന്ന് യു.ഡി.എഫ് ക്യാമ്പ് അവകാശപ്പെടുമ്പോൾ മന്ത്രി പി. രാജീവിന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റം കൊണ്ടുവരുമെന്നാണ് എൽ.ഡി.എഫ് അവകാശ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.