കൊച്ചി: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ സർവിസ് നിർത്തിവെച്ച കൊച്ചി മെട്രോ നേരിടുന്നത് കോടികളുടെ വരുമാന നഷ്ടം. മാർച്ച് 22 ലെ ജനത കർഫ്യു മുതൽ അടഞ്ഞുകിടക്കുന്ന മെട്രോ വായ്പ തിരിച്ചടവിെൻറ പ്രതിസന്ധിയും നേരിടുകയാണ്. പേട്ട പാത പൂർത്തീകരിച്ച് ഒന്നാം ഘട്ടം അവസാനിച്ചെങ്കിലും യാത്രക്കാരെ കയറ്റി ഇവിടെ സർവിസ് ആരംഭിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
പ്രതിദിനം ശരാശരി 65,000 യാത്രക്കാരാണ് കൊച്ചി മെട്രോ ഉപയോഗിച്ചിരുന്നത്. ഒരു വരുമാനവുമില്ലാതെ അഞ്ച് മാസം പിന്നിടുമ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. വരുമാന നഷ്ടത്തിെൻറ കൃത്യമായ കണക്ക് അധികൃതർ പുറത്തുവിട്ടിട്ടില്ല. നിയന്ത്രണങ്ങൾ പാലിച്ച് സർവിസ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ മുഖാന്തരം കേന്ദ്രത്തിന് സമർപ്പിച്ച് കാത്തിരിക്കുകയാണ്.
രാജ്യത്തെ എല്ലാ മെട്രോകളുടെയും പശ്ചാത്തലം പരിശോധിച്ചായിരിക്കും നടപടി. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ 1300 കോടിയോളം രൂപയുടെ നഷ്ടത്തിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുംബൈ മെട്രോ പ്രതിദിനം 1.1 കോടി, ഹൈദരാബാദ് മെട്രോ 90 ലക്ഷം എന്നിങ്ങനെയും നഷ്ടത്തിലാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ.
കൊച്ചിയടക്കം സമീപകാലത്ത് ആരംഭിച്ച മെട്രോ സർവിസുകളെ വരും മാസങ്ങളിൽ പ്രതിസന്ധി കൂടുതൽ ബാധിക്കും. 2017 ജൂൺ 17നാണ് ആലുവ മുതൽ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോ സർവിസ് ഉദ്ഘാടനം െചയ്തത്. ആലുവ- മഹാരാജാസ് റൂട്ടിൽ സർവിസ് നടത്തിയിരുന്ന മെട്രോ മൂന്നാം വർഷത്തിലാണ് തൈക്കൂടം പാത പൂർത്തിയാക്കിയത്. തുടർന്ന് ഏതാനും മാസങ്ങൾകൊണ്ട് പേട്ടയിലേക്കുള്ള നിർമാണവും അവസാനിച്ചു.
ഭാവി പദ്ധതികളും ആശങ്കകളും
തൃപ്പൂണിത്തുറയിലേക്കുള്ള നിർമാണ പ്രവർത്തനങ്ങളും കാക്കനാട്ടേക്കുള്ള സ്ഥലമേറ്റെടുപ്പും പുരോഗമിക്കുകയാണ്. എന്നാൽ, കാക്കനാട് പാതയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ് വേണ്ടതെന്ന് സെൻറർ ഫോർ പബ്ലിക് പോളിസി റിസേർച്ച് ചെയർമാൻ ഡി.ധനുരാജ് അഭിപ്രായപ്പെട്ടു. ബസ് കോറിഡോറാണ് ഇതിന് പകരമായി െചയ്യാവുന്ന പദ്ധതി. തുടർച്ചയായി ബസ് സർവിസ് നടത്തുന്ന പ്രത്യേക പാത മെട്രോയുടെ പത്തിലൊന്ന് ചെലവിൽ യാഥാർഥ്യമാക്കാം. മെട്രോ സർവിസ് പുനരാരംഭിക്കുമ്പോൾ നേരിടേണ്ടി വരുന്നതും വലിയ പ്രതിസന്ധിയാണ്. യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ്
രേഖപ്പെടുത്താൻ
സാധ്യതയുണ്ട്. ഇത് നഷ്ടത്തിെൻറ ആക്കം വർധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.